chennithala

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിന് യു.ഡി.എഫ് പൂർണ സജ്ജമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കമ്മിഷൻ തീരുമാനിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്താമെന്നാണ് യു.ഡി.എഫിന്റെ അഭിപ്രായം. തിരഞ്ഞെടുപ്പിൽ ജനങ്ങൾ യു.ഡി.എഫിനൊപ്പം നിൽക്കും. പ്രോക്സി വോട്ട് സംബന്ധിച്ച പ്രശ്നത്തിൽ യു.ഡി.എഫിലെ ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനിക്കും. തിരഞ്ഞെടുപ്പ് നീട്ടണമെന്ന എൻ.എസ്.എസ് അടക്കമുള്ള സംഘടനകളുടെ അഭിപ്രായം പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് വിപ്പ് നൽകുന്നത് സംബന്ധിച്ച് തർക്കമുണ്ടായാൽ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണെന്ന് കേരള കോൺഗ്രസ്-എമ്മിലെ ജോസ്, ജോസഫ് വിഭാഗങ്ങളുടെ തർക്കത്തെക്കുറിച്ച് പ്രതികരിക്കവേ ചെന്നിത്തല പറഞ്ഞു. ജോസ് കെ. മാണി വിഭാഗം ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗമാണ്. നിയമസഭയിൽ അവിശ്വാസപ്രമേയം സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റോ സ്പീക്കറോ ബന്ധപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.