വിതുര: തൊളിക്കോട് പഞ്ചായത്തിൽ 23 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആനപ്പെട്ടി, പനയ്‌ക്കോട്, ചെറുവക്കോണം വാർഡുകളിൽ ഉള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോഗികൾ പനയ്‌ക്കോട് വാർഡിൽ ആണ്. ഇവിടെ 17പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആനപ്പെട്ടി വാർഡിലെ പോങ്ങുംമൂട്ടിൽ ഒരു കുടുംബത്തിലെ കുട്ടികൾ അടക്കം അഞ്ചു പേർക്ക് കൊവിഡ് ബാധിച്ചു. രോഗം ബാധിച്ച മുഴുവൻ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിൽ അണുവിമുക്ത പ്രവർത്തനങ്ങളും, ബോധവത്കരണവും, ശുചീകരണവും നടത്തി. പഞ്ചായത്തിലെ പനയ്‌ക്കോട്, ചെറുവക്കോണം, തൊളിക്കോട് വാർഡുകളെ കണ്ടെയിൻമെന്റ് സോണുകൾ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം വ്യാപകമായ അവസ്ഥയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു.

പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൊളിക്കോട് ഗവൺമെന്റ് പിഎച്ച്. സി യുടെയും തൊളിക്കോട് പഞ്ചായത്തിന്റെയും നേതൃത്വത്തിൽ 21ന് തൊളിക്കോട് ആശുപത്രിയിൽ ആന്റിജൻ ടെസ്റ്റ്‌ നടത്തും.