മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം. ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നവർക്ക് മാത്രമാണ് പരിശോധന നടത്തുന്നതെന്നും പരാതിയുണ്ട്. ഇതിനിടെ കൊവിഡ് ബാധയേറ്റ് രണ്ടുപേർ മരിക്കുകയും ചെയ്‌തു. പഞ്ചായത്തിൽ ക്വാറന്റൈനിൽ കഴിയുന്നവരിൽ പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. രോഗ വ്യാപനം വർദ്ധിച്ചിട്ടും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇവിടെ പരിശോധന നടത്തുന്നത്. രോഗികളെ നിരീക്ഷിക്കുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 50 പേർക്ക് ഇന്നലെ മാറനല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. കിളിക്കോട്ടുകോണം, മേലാരിയോട്, അരുവിക്കര, ഊരുട്ടമ്പലം, കൊറ്റംപള്ളി എന്നീ വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.