loknath-behra

തിരുവനന്തപുരം: പൊതുപ്രവർത്തകർക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാരിന്റെ അനുമതി വേണമെന്ന കേന്ദ്രനിയമ ഭേദഗതി വിജിലൻസിന്റെ പല്ല് കൊഴിച്ചതിനു പിന്നാലെ, ക്രൈംബ്രാഞ്ചിനും മൂക്കുകയറിടാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശ്രമം.കോടതി നിർദേശിക്കുന്നവ അടക്കമുള്ള കേസുകളുടെ അന്വേഷണം സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാലേ ക്രൈം ബ്രാഞ്ച് ഏ​റ്റെടുക്കേണ്ടതുണ്ടുള്ളുവെന്ന് ബെഹ്റ ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിവരം മാദ്ധ്യമങ്ങളെ അറിയിക്കുകയും ചർച്ചയാവുകയും ചെയ്തതോടെ ,ഉത്തരവിൽ സാങ്കേതിക പിഴവുണ്ടായെന്നും തിരുത്തുമെന്നും പൊലീസ് ആസ്ഥാനം അറിയിച്ചു.ലോക്കൽ പൊലീസ് അന്വേഷിക്കുന്ന കേസുകൾ ഏ​റ്റെടുക്കുന്നതിനും പുതിയ കേസുകൾ രജിസ്​റ്റർ ചെയ്യുന്നതിനും തന്റെ അനുമതി വേണമെന്ന നിർദ്ദേശത്തിലൂടെ, ക്രൈം ബ്രാഞ്ചിന്റെ അധികാരത്തിൻമേലുള്ള കടന്നുകയ​റ്റമാണു ഡി.ജി.പി നടത്തിയതെന്ന് ആക്ഷേപമുയർന്നു.

കോടതി ഏ​റ്റെടുക്കാൻ നിർദ്ദേശിക്കുന്ന കേസുകൾ ഡി.ജി.പിയുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് രജിസ്​റ്റർ ചെയ്യാതിരുന്നാൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരും.ഇതിന് പുറമെ, എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംവിധാനത്തിലേക്കു കേസുകൾ വിടാതിരിക്കാനും തിരിച്ചെടുക്കാനുമായി ജില്ലാ ക്രൈം ബ്രാഞ്ചിനു കേസുകൾ കൈമാറണമെന്ന നിർദേശവുമുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലാണ്. ഇതിൽ ഡി.ജി..പിക്ക് നേരിട്ടിടപെടാനാവും. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ കീഴിലുള്ളത് കുറ്റാന്വേഷണത്തിനു മാത്രമുള്ള പ്രത്യേക വിഭാഗമാണ്. കേസുകൾ അവലോകനം ചെയ്യുന്ന ഘട്ടത്തിലേ പൊലീസ് മേധാവിക്ക് ഇടപെടാനാവൂ. പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്രൈംബ്രാഞ്ച് ആസ്ഥാനം പൊലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്തസർക്കുലർ വിവാദമായതിനെ തുടർന്നു തിരുത്തി ഡി.ജി.പി രംഗത്തെത്തി. സർക്കുലർ തയാറാക്കിയപ്പോഴുണ്ടായ പിഴവാണെന്നായിരുന്നു വിശദീകരണം.