തിരുവനന്തപുരം: ഓണവിപണിയിലേക്ക് കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ ത്രിവേണി ബ്രാൻഡിൽ അഞ്ച് ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ചായപ്പൊടി,വെളിച്ചെണ്ണ,ആട്ട,മൈദ,റവ എന്നിവയാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിക്കുക.
കൊവിഡ് പ്രതിസന്ധി കാലത്ത് അവശ്യവസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഡൂർ കോക്കനട്ട് കോംപ്ലക്സ്,തങ്കമണി സർവീസ് സഹകരണ ബാങ്ക്,മൈഫുഡ് റോളർ ഫ്ളവർ ഫാക്ടറി എന്നീ പ്രമുഖ സഹകരണ സ്ഥാപനങ്ങളുമായി ചേർന്നാണ് കൺസ്യൂമർഫെഡ് ഈ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താൻ കൺസ്യൂമർഫെഡിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ,കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹ്ബൂബ്,എം.ഡി വി.എം മുഹമ്മദ് റഫീക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.