തിരുവനന്തപുരം: വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയ അഡ്വ. ജീവനോട് അപമര്യാദയായി പെരുമാറിയെന്നും രജിസ്‌ട്രേഷന് താമസിപ്പിച്ചെന്നുമുള്ള പരാതിയിൽ ആലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ക്ലാർക്ക് ടി. ഷാജിയെ സസ്‌പെൻഡ് ചെയ്‌തു. ജൂൺ 22ന് മ്യാരേജ് ഓഫീസർക്ക് നൽകിയ അപേക്ഷയിൽ പലവിധ കാരണങ്ങൾ പറഞ്ഞ് സെക്ഷൻ ക്ലാർക്കായിരുന്ന ഷാജി നടപടി സ്വീകരിച്ചിരുന്നില്ല. ഓൺലൈൻ അപേക്ഷയ്ക്ക് പുറമെ ഓഫീസർ മുമ്പാകെ നേരിട്ട് സമർപ്പിക്കണമെന്നും ക്ലാർക്ക് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം വധൂവരന്മാർ നാലുതവണ സാക്ഷികളുമായി ഓഫീസിലെത്തിയ ശേഷമാണ് ഇയാൾ വിവാഹം രജിസ്റ്റർ ചെയ്തത്. വിവാഹ സർട്ടിഫിക്കറ്റ് നൽകുന്നതിനും മനഃപൂർവം കാലതാമസം വരുത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പ്രതികരിക്കാതിരുന്ന സബ് രജിസ്ട്രാറുടെ വിശദീകരണവും ആവശ്യപ്പെട്ടു.