കോവളം: കോട്ടുകാൽ ഗ്രാമ പഞ്ചായത്തിൽ എൽ.എസ്.ജി.ഡി വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കെതിരെ പഞ്ചായത്ത് ഭരണസമിതി. കൊവിഡിന്റെ മറവിൽ രണ്ട് മാസമായി ഫയലുകൾ നോക്കുന്നതിനോ പഞ്ചായത്തിൽ നടന്നു വന്നിരുന്ന പദ്ധതികൾ പൂർത്തികരിക്കുന്നതിനോ വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുന്നതിനോ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് പരാതി.
ഏതാനും ആഴ്ചകൾക്ക് മുൻപ് എ.ഇയായ വനിതയും ഭരണ സമിതി അംഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഇരുകൂട്ടരും അതിയന്നൂർ ബ്ലോക്ക് ഉദ്യോഗസ്ഥർക്ക് പരാതിയും നൽകിയിരുന്നു. എൽ.എൽ.ജി.ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം കഴിഞ്ഞ സാമ്പത്തിക വർഷം 75 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പഞ്ചായത്ത് വൈ. പ്രസിഡന്റ് ബിനു പറയുന്നു.
സർക്കാർ തീരുമാനങ്ങളെ മാനിക്കാതെയും പഞ്ചായത്ത് ഭരണസമിതിയെ അംഗീകരിക്കാത്തതുമായ ഉദ്യോഗസ്ഥക്കെതിരെ നിയമ നടപിടിക്കൊരുങ്ങുകയാണ് പഞ്ചായത്ത് ഭരണസമിതി. എന്നാൽ ഭരണ സമിതി പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും പഞ്ചായത്തിലെ പല വാർഡുകളും കണ്ടെയ്ന്റ്മെന്റ് സോണായിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് പ്രദേശങ്ങളിൽ സഞ്ചരിക്കാനുള്ള തടസമാണ് പഞ്ചായത്തിലെ പദ്ധതികൾ പൂർത്തിയാക്കുന്നതിന് കാലതാമസമുണ്ടായതെന്നാണ് എൽ.എസ്.ജി.ഡിയിലെ എ. ഇ പറയുന്നത്