തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ കൊവിഡിനെ മറന്ന് നഗരത്തിലെ ഒാണ വിപണിയിൽ തിരക്കേറി. ലോക്ക് ഡൗൺ 14ന് പിൻവലിച്ചതോടെയാണ് നഗരം വീണ്ടും സജീവമായത്. ലോക്ക് ഡൗൺ പിൻവലിച്ചതിന് ശേഷം തുണിക്കടകളിലും സ്വർണക്കടകളിലും ഗൃഹോപകരണ സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഹോട്ടലുകളും ഭക്ഷണശാലകളും കൂടുതലായി തുറന്നു. പാഴ്‌സൽ വിതരണത്തിന് മാത്രമാണ് അനുമതിയുള്ളതെങ്കിലും ഇളവുകൾ വന്നതോടെ കച്ചവടത്തിൽ വർദ്ധനവുണ്ടെന്ന് ഹോട്ടലുടമകളും പറയുന്നുണ്ട്. ചാലയിലും ഓണക്കച്ചവടം സജീവമായി. ഒന്നര മാസം നീണ്ടു നിന്ന ലോക്ക് ഡൗണിന്റെ ആഘാതം ഓണവിപണയിൽ മറികടക്കാമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. അന്യസംസ്ഥാനത്ത് നിന്നെത്തിക്കുന്ന പൂക്കൾ അണുവിമുക്തമാക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ല ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം പൊലീസിന്റെ നിയന്ത്രണവും നിരീക്ഷണവും ഇവിടെ ഏർപ്പെടുത്തി. കൊവിഡ് പ്രാട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും പല സ്ഥലങ്ങളിലും ഇത് ലംഘിക്കുന്നെന്നാണ് പരാതി. പരിശോധനയ്‌ക്കായി സിറ്രി പൊലീസിന്റെ സ്‌പെഷ്യൽ ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന വ്യാപാരികൾക്കും ആളുകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ഫോൺ നമ്പരടക്കം രേഖപ്പെടുത്തിയാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. വലിയൊരു ഇടവേളയ്‌ക്ക് ശേഷം മത്സ്യവിപണിയും ഇപ്പോഴാണ് സജീവമായത്. ബാർബർ ഷോപ്പുകളിലും ജിംനേഷ്യങ്ങളിലും ആളുകൾ കൂടുതലായി എത്തിത്തുടങ്ങി. രണ്ടാമത്തെ ലോക്ക് ഡൗണിന് ശേഷം ആദ്യമായാണ് ബാർബർ ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ, ജിംനേഷ്യം, മാളുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി നൽകിയത്. നഗരത്തിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തിത്തുടങ്ങിയതോടെ ഗതാഗതകുരുക്കും വർദ്ധിച്ചു.
വ്യാപാരസ്ഥാപനങ്ങളിലേക്ക്
പോകുന്നവർ ശ്രദ്ധിക്കാൻ