m
മോഹനൻ നായർ

തിരുവനന്തപുരം: അപകടത്തിൽ വലതുകൈക്ക് പരിക്കേറ്ര് കിടപ്പായിട്ടും മോഹൻനായർ വടിവൊത്ത അക്ഷരത്തിൽ ഒരു കുറിപ്പെഴുതി ചണ്ഡിഗഡിലേക്കയച്ചു. അവിടെ നിന്ന്‌ അതു ന്യൂയോർക്കിലേക്ക് പറന്നു. ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച കൈയെഴുത്തുകാരനാണ് വൈദ്യുതിഭവൻ സൂപ്രണ്ടായ പൗഡിക്കോണം ശിവപുരി ലൈനിൽ അദ്വൈതത്തിൽ മോഹനൻ നായർ (48).

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹാൻഡ് റൈറ്റിംഗ് ഫോർ ഹ്യൂമാനിറ്റി എന്ന സംഘടനയാണ് ലോക കൈയെഴുത്ത് മത്സരം നടത്തുന്നത്. 20 മുതൽ 64 വയസുവരെയുള്ള ജനറൽ വിഭാഗത്തിൽ ആർട്ടിസ്റ്റിക് ഹാൻഡ് റൈറ്റിംഗിലാണ് മോഹനൻ നായർക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. രണ്ടാം സ്ഥാനം ജർമ്മൻ സ്വദേശിക്കാണ്.

ഓരോ രാജ്യത്തു നിന്നും 50 എൻട്രികളാണ് ന്യൂയോർക്കിലേക്ക് അയയ്ക്കുന്നത്. ഇന്ത്യയിൽ ചണ്ഡിഗഡിലെ വെൽത്തി ഹാൻഡ് റൈറ്റിംഗ് എന്ന സ്ഥാപനമാണ് ലോകമത്സരത്തിലേക്കുള്ള എൻട്രികൾ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ രണ്ടു തവണ മത്സരത്തിൽ പങ്കെടുത്തിട്ടുള്ള മോഹനൻ നായർ ഇത്തവണ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു. സ്കൂട്ടറിടിച്ചുവീണ് വലതു കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. എൻട്രി അയയ്ക്കേണ്ട അവസാന ദിനമായ ജൂൺ 30നാണ് കലാപരമായി കുറിപ്പെഴുതിയത്. ജനറൽ കാറ്റഗറിയിലാണ് ഏറ്റവും കൂടുതൽ പേർ മത്സരിച്ചത്.

കണക്കിലും ഇംഗ്ലീഷിലും മാസ്റ്റർ ബിരുദമുള്ള മോഹനൻ നായർ കുട്ടിക്കാലത്തേ കൈയെഴുത്തിൽ കേമനായിരുന്നു. പേനകളെ ഏറെ ഇഷ്ടപ്പെടുന്ന മോഹനൻ നായർക്ക് മൂവായിരത്തിലേറെ പേനകളുടെ ശേഖരവും ഉണ്ട്. മക്കളായ അദ്വൈതാ മോഹന്റെയും അഥർവ് മോഹന്റെയും കൈയക്ഷരം മികച്ചതാക്കിയതും മോഹനൻ നായരാണ്.