customs
മതഗ്രന്ഥമെന്ന പേരിലെത്തിച്ച കാർഗോ വിട്ടുനൽകിയ കസ്റ്റംസ് രസീത്

തിരുവനന്തപുരം: നയതന്ത്ര പാഴ്സലുകൾക്ക് കസ്റ്റംസ് നികുതിയിളവ് ലഭിക്കാൻ യു.എ.ഇ കോൺസുലേറ്റ് രണ്ടു വർഷമായി അപേക്ഷിച്ചിട്ടില്ലെന്നും സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽകുമാർ കസ്റ്റംസിനെ അറിയിച്ചതോടെ മന്ത്രി കെ.ടി ജലീലിനെ സംശയ നിഴലിലാക്കിയ പാഴ്സൽ കള്ളക്കടത്താണെന്ന് വ്യക്തമായി.എൻ.ഐ.എയ്ക്ക് ഇന്ന് വിവരം കൈമാറും. ഇരുപത്തിയൊന്നു തവണ സ്വപ്നയും സംഘവും ഇത്തരത്തിൽ സ്വർണം കടത്തിയിട്ടുണ്ട്.

ഡിപ്ലോമാറ്റിക് കാർഗോ എന്ന് രേഖപ്പെടുത്തി മതഗ്രന്ഥമെന്ന പേരിൽ 250പാക്കറ്റുകളിലായി മാർച്ച് നാലിനെത്തിയ 4479കിലോ കാർഗോയാണ് മന്ത്രി ജലീലിനെ വെട്ടിലാക്കിയത്. എക്സൈസ്, കസ്റ്റംസ് ഡ്യൂട്ടികൾ ഈടാക്കാതെയാണ് പാഴ്സൽ വിട്ടുകൊടുത്തത്. ഇതിനായി സർക്കാരിന്റെ വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് സൂചന.

ഇവയിൽ 32പാക്കറ്റാണ് മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്​റ്റിന്റെ അടച്ചുമൂടിയ ലോറിയിൽ മലപ്പുറത്ത് എത്തിച്ചത്. കാർഗോ മാർച്ചിലാണ് എത്തിച്ചതെങ്കിലും ജൂൺ18നാണ് കോൺസുലേറ്റിന്റെ വാഹനത്തിൽ പാക്കറ്റുകൾ സി-ആപ്‌റ്റിലെത്തിച്ചത്.

പ്രോട്ടോക്കോൾ

ഫയലുകൾ കാണാനില്ല

പ്രോട്ടോക്കോൾ വിഭാഗത്തിലെ ഒരു വർഷത്തിലേറെയായുള്ള ഫയലുകൾ കാണാനില്ലെന്ന് സൂചന. കാർഗോയ്ക്ക് നികുതിയിളവ് അനുവദിക്കാനുള്ള സർട്ടിഫിക്കറ്റിന്റെ രേഖകൾ എൻ.ഐ.എ ആവശ്യപ്പെട്ടപ്പോഴാണ് ഈ വിവരം പുറത്തുവന്നത്.സംഭവത്തിൽ മുൻ പ്രോട്ടോകോൾ ഓഫിസറെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ജലീലിന്റെ പിഴയ്ക്കുന്ന തന്ത്രം

@നയതന്ത്റ ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരരുതെന്ന നിയമം ലംഘിച്ചതിനൊപ്പം സർക്കാർ സ്ഥാപനത്തിന്റെ വാഹനത്തിൽ അതു വിതരണം ചെയ്തതും ഗുരുതരമായ വീഴ്ച. 2018 മുതൽ കോൺസുലേ​റ്റിന്റെ പേരിൽ മതഗ്രന്ഥങ്ങൾ വന്നിരുന്നതായി കസ്​റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

@പ്രോട്ടോകോൾ ഓഫീസറെ ഒഴിവാക്കിയാണ് ജലീൽ യു.എ.ഇ കോൺസുലേ​റ്റുമായി ബന്ധം സ്ഥാപിച്ചതെന്നും 2018നുശേഷം കോൺസുലേ​റ്റിൽ സ്വകാര്യസന്ദർശനങ്ങൾ നടത്തിയെന്നും കണ്ടെത്തി.മന്ത്റിമാർ നേരിട്ടു വിദേശരാജ്യങ്ങളുടെ ഓഫീസുമായി ബന്ധപ്പെടരുതെന്ന ചട്ടത്തിന്റെ ലംഘനമാണിത്.

ദുരൂഹത

ലോക്ക്ഡൗണിലെ പൊലീസ് പരിശോധന ഒഴിവാക്കാൻ കേരളാ സ്റ്റേറ്റ് ബോർഡ് വച്ച ലോറിയിൽ സ്വർണം കടത്തിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇക്കാലയളവിൽ സ്വപ്നയുമായുള്ള ജലീലിന്റെ ഫോൺവിളികളും പരിശോധിക്കുന്നുണ്ട്. പാഴ്സലുകൾ അടച്ചുമൂടിയ ലോറിയിൽ മലപ്പുറത്തെത്തിച്ചതിനു പിന്നാലെ, മറ്റൊരു വാഹനം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലക്ക് പോയതും അതിന് സി-ആപ്‌റ്റിലെ ഡ്രൈവറെ ഒഴിവാക്കി പുറത്തുള്ള ഡ്രൈവറെ നിയോഗിച്ചതും ദുരൂഹമാണ്.