തിരുവനന്തപുരം:മനുഷ്യ നന്മയ്ക്ക് വേണ്ടിയായിരിക്കണം സിവിൽ സർവീസെന്ന് മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷൻ കർദിനാൾ മാർ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സിവിൽ സർവീസ് വിജയികളെ അനുമോദിക്കാൻ മാർ ഇവാനിയോസ് കോളേജ് കരിയർ ആൻഡ് പ്ളേസ്‌മെന്റ് സെല്ലും പൂർവ വിദ്യാർത്ഥി സംഘടനയായ 'അമിക്കോസും' സംഘടിപ്പിച്ച വെർച്വൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ചീഫ് സെക്രട്ടറിയും അമിക്കോസ് പ്രസിഡന്റുമായ കെ.ജയകുമാർ കരിയർ വെബിനാർ സീരീസ് ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് റാങ്ക് ജേതാക്കളും കോളേജിലെ പൂർവ വിദ്യാർത്ഥികളുമായ ഗോകുൽ എസിനെയും സഫ്‌‌ന നസറുദ്ദീനെയും ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ജോർജീ .കെ.ഐ, മോൺ.മാത്യു മനക്കരകാവിൽ കോർ എപ്പിസ്‌ക്കോപ്പ, ഫാ.ജിജി തോമസ്, അമിക്കോസ് വൈസ് പ്രസിഡന്റുമാരായ ഇ.എം.നജീബ്, സിനിമാതാരം ജഗദീഷ്, ഡോ.ഷെർലി സ്റ്റുവർട്ട്, ഡോ.സുജു.സി.ജോസഫ്,​ ബിനിമോൾ മാത്യു,അഞ്ജു ജോർജ് എന്നിവർ പങ്കെടുത്തു.