തിരുവനന്തപുരം: ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ തൂങ്ങിമരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ മജിസ്ട്രേറ്റ് സംഭവ സ്ഥലം സന്ദ‌ർശിച്ചു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -3ലെ മജിസ്ട്രേറ്റ് ഇന്നലെ വൈകിട്ട് നാലോടെയാണ് ഫോർട്ട് സ്റ്റേഷനിലെ ശിശു സൗഹൃദ കേന്ദ്രത്തിലെത്തിയത്. ഇത്തരം സംഭവങ്ങളിൽ പൊലീസ് അന്വേഷണത്തിന് ഉപരിയായി മജിസ്ട്രേറ്റ് തലത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സന്ദർശനം. അതേസമയം കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറി. കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. കസ്റ്റഡി മരണങ്ങൾ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം വേണമെന്ന കോടതി നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറാൻ ഡി.ജി.പി ഉത്തരവിട്ടത്. കേസ് ഏറ്റെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് എസ്.പി എ. ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘവും ഇവിടെയെത്തി. ഇന്നലെ വൈകിട്ട് 6.30ഓടെയായിരുന്നു ക്രൈംബ്രാഞ്ച് സംഘം സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഇല്ലെന്നും കഴുത്തിൽ തുണി മുറുകിയ പാടുണ്ടെന്നും കണ്ടെത്തിയിരുന്നു. മരണകാരണം വ്യക്തമാകാൻ പോസ്റ്റുമോർട്ടം ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക്ക് സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. ഇതിനുശേഷമാകും റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറുക. പൂന്തുറ പള്ളിത്തെരുവ് സ്വദേശി അൻസാരിയെ (37) ഞായറാഴ്ച രാത്രിയാണ് ഫോർട്ട് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റേഷനോട് ചേർന്നുള്ള ശിശു സൗഹൃദ കേന്ദ്രത്തിന്റെ ടോയ്‌ലെറ്റിലായിരുന്നു സംഭവം. വൈകിട്ട് അഞ്ചോടെ നാട്ടുകാരാണ് മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് ഇയാളെ കിഴക്കേകോട്ടയിൽ നിന്ന് പിടികൂടി പൊലീസിന് കൈമാറിയത്. അൻസാരിയെ പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് സംഭവസമയം സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ കഴിഞ്ഞദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുണ്ട്.