photo

 ആരതിയുടെ മരണത്തിൽ ദുരൂഹത

നെടുമങ്ങാട്: കാഴ്ചയിൽ ഇരുനിറം, പഠിക്കാൻ മിടുക്കി, വിനയം കൈവിടാതെയുള്ള പെരുമാറ്റം, കൂട്ടുകാർക്കിടയിലെ മിതഭാഷിണി, കറുപ്പായത് കൊണ്ട് കൂട്ടുകാരുടെ കളിയാക്കലിൽ മനംനൊന്ത് ആത്മഹത്യ ചെയ്‌തെന്ന് പൊലീസ് പറയുന്ന രണ്ടാം വർഷ മാത്‌സ് ബിരുദ വിദ്യാർത്ഥിനി എസ്.എസ്. ആരതിയെക്കുറിച്ച് കോളേജ് അദ്ധ്യാപകരുടെയും അയൽപക്കക്കാരുടെയും വിലയിരുത്തൽ ഇങ്ങനെയാണ്. അരശുപറമ്പ് സരസ്വതി ഭവനിൽ സതീഷ് കുമാർ - സിന്ധു ദമ്പതികളുടെ മകളാണ്. ഇല്ലായ്‌മകളുടെ നടുവിൽ കഠിനാദ്ധ്വാനം ചെയ്‌ത് സതീഷ് കുമാറും സിന്ധുവും നേടിയതെല്ലാം ആരതിക്കും അനുജത്തി ആവണിക്കും വേണ്ടിയായിരുന്നു. ഏറെനാൾ നെടുമങ്ങാട്ട് കൂലിക്ക് വാഹനമോടിച്ചിരുന്ന സതീഷ്‌കുമാർ, ഗൾഫിൽ നിന്നു സമ്പാദിച്ച പണംകൊണ്ട് വാങ്ങിയ വാഹനങ്ങളുമായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. കർഷക തൊഴിലാളിയായിരുന്നു സിന്ധു. മക്കളെ ഇരുവരെയും ഉയർന്ന നിലയിലെത്തിക്കാനുള്ള കണക്ക് കൂട്ടലിലായിരുന്നു ഇവർ. കണക്ക് വിഷയത്തിൽ അഗ്രഗണ്യയായ സിന്ധു പാറക്കോണം കുടുംബശ്രീ എ.ഡി.എസിന്റെ സെക്രട്ടറിയും ടൗണിലെ സ്വകാര്യ ഫ്ളക്‌സ് പ്രിന്റിംഗ് സെന്ററിലെ അക്കൗണ്ടന്റുമാണ്. വരവുചെലവുകൾ കൃത്യതയോടെ എഴുതി സൂക്ഷിക്കാനുള്ള സിന്ധുവിന്റെ മിടുക്ക്, പത്താം തരത്തിലും പ്ലസ്‌ ടുവിനും ആരതിയിലും ആവണിയിലും പ്രതിഫലിപ്പിച്ചിരുന്നു. കണക്കെഴുത്തിൽ ആരതി അമ്മയെ സഹായിക്കാറുണ്ടായിരുന്നു. കുടുംബശ്രീ അംഗങ്ങളിലെ നിർദ്ധനരായ സ്ത്രീകളുടെ മക്കൾക്ക് സാമ്പത്തിക സഹായവും യൂണിഫോമും വിതരണം ചെയ്യാൻ അമ്മയോടൊപ്പം വീടുകളിലെത്തിയ ആരതിയുടെ മുഖം നാട്ടുകാർക്ക് വേദനിക്കുന്ന ഓർമ്മയായി. ഭാവിയുടെ വാഗ്ദാനമാകേണ്ടിയിരുന്ന വിദ്യാർത്ഥിയാണ് അകാലത്തിൽ പൊലിഞ്ഞുപോയതെന്ന് സ്ഥലവാസിയും നഗരസഭ കൗൺസിലറുമായ രാജീവ് പറഞ്ഞു.

മോഹിച്ചത് ഉന്നത പദവിയിലെത്താൻ

ഡിഗ്രി മാത്‌സ് മെയിൻ എടുക്കാനുള്ള തീരുമാനം കുടുംബം ആലോചിച്ച് എടുത്തതാണ്. ഒ.ബി.സി ക്വാട്ടയിൽ ഉന്നത പദവി കരസ്ഥമാക്കാൻ കണക്ക് മെയിനെടുത്ത് പഠിക്കുന്നത് ഉപകരിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. കോളേജിൽ അദ്ധ്യാപകർക്കെല്ലാം ആരതിയെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. അസൈൻമെന്റുകൾ ഒന്നുപോലും ഉഴപ്പാതെ പൂർത്തിയാക്കുന്ന മിടുക്കിയായിരുന്നെന്ന് ആരതി പഠിച്ചിരുന്ന നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ അദ്ധ്യാപകർ പറഞ്ഞു. ഓണലൈൻ ക്ലാസ് ആരംഭിച്ചതു മുതൽ ആരതി മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസവും രാവിലെ ഇംഗ്ളീഷ് ക്ലാസിൽ അറ്റൻഡ് ചെയ്‌തിരുന്നു. അമ്മ പതിവുപോലെ ഫ്ളക്‌സ് സെന്ററിലെ ജോലിക്കുപോയിരുന്നു. ഉച്ചയ്‌ക്ക് അച്ഛനെത്തി മക്കളോടൊപ്പം ഭക്ഷണം കഴിച്ച ശേഷം കറണ്ട് ബില്ലടയ്ക്കാനും പോയി. വീട്ടിൽ ആവണിയും ആരതിയും മാത്രമാണ് പിന്നീട് ഉണ്ടായിരുന്നത്. ആവണി കുളിച്ച ശേഷം മടങ്ങിയെത്തിയപ്പോഴാണ് ആരതിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. കത്തെഴുതി നോട്ടുബുക്കിൽ വച്ച ശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചെന്നാണ് എഫ്.ഐ.ആറിലുള്ളത്. ' തന്നോട് ആർക്കും സ്നേഹമില്ലെന്ന ആത്മഹത്യാക്കുറിപ്പിലെ പരിഭവത്തിൽ കഴമ്പില്ലെന്നാണ് ആരതിയെ അറിയാവുന്നവരെല്ലാം പറയുന്നത്. ജീവനൊടുക്കിയതിന് മറ്റെന്തെങ്കിലും കാരണമുണ്ടാകുമെന്നാണ് സംശയം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് നെടുമങ്ങാട് പൊലീസ് വ്യക്തമാക്കി.