തിരുവനന്തപുരം: ഈ മാസം 24ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ സ്പീക്കറെ നീക്കണമെന്ന പ്രമേയനോട്ടീസ് പ്രതിപക്ഷത്തിന് സാങ്കേതികമായി അവതരിപ്പിക്കാനാവില്ല. എന്നാൽ, ഈ പ്രമേയം പരിഗണിക്കാൻ സഭാസമ്മേളനം നീട്ടണമെന്ന് ആവശ്യപ്പെടാം.സ്പീക്കർക്കെതിരായ പ്രമേയനോട്ടീസ് ഉന്നയിക്കണമെങ്കിൽ നോട്ടീസ് നൽകിയ ദിവസത്തിനും സമ്മേളനദിവസത്തിനുമിടയിൽ 14 ദിവസത്തെ ഇടവേള വേണം. 13നാണ് നോട്ടീസ് നൽകിയത്. എന്നാൽ, സർക്കാരിനെതിരായ അവിശ്വാസപ്രമേയം സഭയിൽ ഉന്നയിക്കാനാകും.
ഒരു ദിവസത്തേക്ക് ചേരുന്ന സമ്മേളനമായതിനാൽ നിശ്ചിത സമയം നിശ്ചയിച്ച് അവിശ്വാസം ചർച്ച ചെയ്യാനാണ് നീക്കം. അംഗങ്ങളിൽ നിരവധിപേർ 65 വയസുകഴിഞ്ഞവരായതിനാൽ സമ്മേളനം അധികനേരം തുടരാനാവില്ല. ധനകാര്യബിൽ ചർച്ച കൂടാതെ പാസ്സാക്കാനുള്ള സാധ്യതയും ആരായുന്നുണ്ട്. പരമാവധി നാലര മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി പിരിയാനാണ് ആലോചന. പ്രതിപക്ഷനേതാക്കളുമായി പാർലമെന്ററി കാര്യമന്ത്രി ആശയവിനിമയം നടത്തി വരികയാണ്.വീരേന്ദ്ര കുമാറിന്റെ നിര്യാണത്തെ തുടർന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പും പരിഗണിച്ചാണ് സഭ 24ന് ചേരുന്നത്. രാവിലെ 7 മണി മുതൽ സഭയിൽ എം.എൽ.എമാർക്ക് ആന്റിജൻ പരിശോധനയ്ക്ക് സൗകര്യമുണ്ടാവും. എം.എൽ.എ ഹോസ്റ്റലിലും പരിശോധന നടത്തും. പോസിറ്റീവാകുന്ന എം.എൽ.എമാർക്ക് വോട്ട് ചെയ്യാൻ പി.പി.ഇ കിറ്റ് അനുവദിക്കും. തലേന്ന് ജീവനക്കാർക്കും ആന്റിജൻ പരിശോധന നടത്തും. സന്ദർശകരെ പ്രവേശിപ്പിക്കില്ല.