തിരുവനന്തപുരം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും ക്വാറന്റൈനിലായതിനാൽ ഇന്ന് ചേരേണ്ടിയിരുന്ന പതിവ് മന്ത്രിസഭായോഗം മാറ്റിവച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൊവിഡ് പരിശോധനാഫലം നെഗറ്റീവായതിനാൽ ഏഴ് ദിവസത്തെ നിരീക്ഷണ കാലാവധി തീരുന്ന മുറയ്ക്ക് മന്ത്രിസഭായോഗം ചേരാനാണ് തീരുമാനം. കാലാവധി വെള്ളിയാഴ്ചയാണ് അവസാനിക്കുക. അതിനാൽ ശനിയാഴ്ച മന്ത്രിസഭായോഗം ചേർന്നേക്കും. 24ന് നിയമസഭാസമ്മേളനം ചേരുന്നതിനാൽ സഭയിൽ സ്വീകരിക്കേണ്ട നടപടികളടക്കം ആലോചിക്കണം. കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ മൂന്ന് ആഴ്ചകളായി മന്ത്രിസഭായോഗം ചേരുന്നത് ഓൺലൈനിലൂടെയാണ്.