തിരുവനന്തപുരം: നഗരത്തിൽ പരിസ്ഥിതി സൗഹൃദവും മലിനീകരണവും കുറയ്ക്കുന്നതിനായി ഇനി മുതൽ ഇലക്ട്രിക് റിക്ഷകളും സവാരിക്ക് റെഡി. നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് റിക്ഷകളുടെ താക്കോൽ ദാനവും ഫ്ലാഗ് ഓഫും മേയർ കെ. ശ്രീകുമാർ നിർവഹിച്ചു. 2.30 ലക്ഷം വിലയുള്ള 15 ഇ - റിക്ഷകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറക്കുന്നത്. ഇതിൽ അഞ്ചെണ്ണത്തിന്റെ വിതരണമാണ് ഇന്നലെ നടന്നത്. ബാക്കിയുള്ളവ ഗുണഭോക്താക്കൾക്ക് ഒരാഴ്ച്ചയ്ക്കകം വിതരണം ചെയ്യുമെന്ന് മേയർ പറഞ്ഞു. അപേക്ഷകളുടെ അടിസ്ഥാനത്തിൽ നഗരസഭ ഷോർട്ട് ലിസ്റ്റ് ചെയ്‌ത വനിതകളെയാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. ഒന്ന് മുതൽ ഒന്നര വർഷത്തെ പ്രവർത്തനത്തിന് ശേഷം ഇ റിക്ഷകൾ ഗുണഭോക്താവിന്റെ പേരുകളിലേക്ക് മാറ്റും. യാത്രക്കാർക്ക് യാത്രാക്കൂലി കുറയുകയും ഇ റിക്ഷാ ഡ്രൈവർക്ക് വരുമാനത്തിൽ വർദ്ധനയുണ്ടാവുകയും ചെയ്യുന്ന ഷെയേർഡ് മൊബിലിറ്റി എന്ന ആശയം ഇ റിക്ഷകൾ വഴി നടപ്പിൽ വരുത്താനാണ് നഗരസഭയുടെ പദ്ധതിയെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു. ഇ - റിക്ഷകൾക്ക് ഒരു സമയം നാല് യാത്രക്കാരെ വഹിക്കാൻ കഴിയും. മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശപ്രകാരം എല്ലാ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിച്ചിട്ടുണ്ട്. സീറ്റുകളുടെ പ്ലാസ്റ്റിക് പാർട്ടീഷൻ, റെയിൻ ഷീൽഡ്, റബർ മാറ്റുകൾ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ് ലിമിറ്റഡ് വഴിയാണ് ഇ - റിക്ഷകൾ വാങ്ങിയത്. വാഹനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികളുടെ ചുമതല വിതരണക്കാരന്റെ അംഗീകൃത ഡീലർക്കാണ്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പാളയം രാജൻ, വഞ്ചിയൂർ പി. ബാബു, എസ്. പുഷ്‌പലത, സ്‌മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, നഗരസഭ സെക്രട്ടറി അനു ആർ.എസ്, സ്‌മാർട്ട് സിറ്റി ജനറൽ മാനേജർ ഡോ. സനൂപ് ഗോപികൃഷ്ണ എന്നിവർ പങ്കെടുത്തു.

ഇ- റിക്ഷയുടെ റൂട്ട്

-------------------------------------

റൂട്ട് 1:

റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് മാനവീയം വീഥി വഴി

ഓവർ ബ്രിഡ്ജ് ജംഗ്ഷൻ, സെക്രട്ടേറിയറ്റ്, സ്റ്റാച്യു, പാളയം ജംഗ്ഷൻ,

നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം

റൂട്ട് 2:

റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് പദ്മനാഭസ്വാമി ക്ഷേത്രം

വഴി ഓവർ‌ബ്രിഡ്‌ജ് ജംഗ്ഷൻ, പഴവങ്ങാടി ക്ഷേത്രം,

പുത്തരിക്കണ്ടം മൈതാനം, ഗാന്ധി പാർക്ക്

ആകെ 15 ഇ - റിക്ഷകൾ

നൽകിയത് - 5 എണ്ണം

സാധാരണ നിരക്ക് തന്നെ

***************************************

ഇലക്ട്രിക് റിക്ഷകളിൽ ലഭിക്കുന്ന മൈലേജ് സാധാരണ ഓട്ടോയെക്കാൾ വളരെ ഉയർന്നതാണെങ്കിലും സാധാരണ നിരക്ക് തന്നെയായിരിക്കും ഈടാക്കുന്നത്. സാധാരണ ഓട്ടോയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിന് 2.5 രൂപ മുതൽ 3 രൂപ വരെയാകും പ്രവർത്തനച്ചെലവ്. എന്നാൽ ഇ - റിക്ഷയുടെ പ്രവർത്തനച്ചെലവ് ഏകദേശം കിലോമീറ്ററിന് 80 പൈസയാണ്. ഇ റിക്ഷയിൽ ഓട്ടോമേറ്റഡ് ട്രാൻസ്‌മിഷൻ സംവിധാനമാണുള്ളത്. ഡ്രൈവർക്ക് അവരുടെ വീടുകളിൽ തന്നെ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയും. കൂടാതെ ഒറ്റ ചാർജിൽ 80 കിലോമീറ്ററോളം റിക്ഷ ഓടും. വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി നഗരത്തിനുള്ളിലെ വിവിധ സ്ഥലങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും. 2 മുതൽ 3 മണിക്കൂർ വരെയാണ് ചാർജിംഗ് സമയം. ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്.