രോഗവ്യാപനം തടയാത്തതിന് നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്കും 5 സി.ഐമാർക്കും മെമ്മോ
തിരുവനന്തപുരം: പ്രധാന ജംഗ്ഷനുകളിൽ മാവേലിയുടെ വേഷം കെട്ടിനിന്ന് കൊവിഡ് പ്രതിരോധ ബോധവത്കരണം നടത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായയുടെ നിർദ്ദേശം. ഇന്നുമുതലാണ് പൊലീസ് മാവേലി വേഷം കെട്ടേണ്ടത്. അതിനിടെ, കൊവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയതിന് നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്കും അഞ്ച് സി.ഐമാർക്കും മെമ്മോ നൽകിയിട്ടുണ്ട്. വ്യാപനം തടയാൻ കാര്യമായ നടപടി സ്വീകരിക്കാത്തതും കേസുകളില്ലാത്തതുമാണ് കുറ്റം. സ്റ്റേഷൻ പരിധിയിൽ ദിനംപ്രതി റിപ്പോർട്ടു ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ പ്രൈമറി, സെക്കൻഡറി കോണ്ടാക്ടുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും നിരീക്ഷണത്തിൽ കഴിയുന്നവർ എവിടെയൊക്കെ പോകുന്നുണ്ടെന്ന് പരിശോധിച്ചില്ലെന്നും മെമ്മോയിലുണ്ട്. ഒരു ദിവസം 50 'കൊവിഡ്' കേസുകളെങ്കിലും രജിസ്റ്റർ ചെയ്യണമെന്ന ക്വാട്ട നൽകിയതിനെതിരെ സേനയിൽ അമർഷം പുകയുകയാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുക, കൂട്ടംകൂടുക തുടങ്ങിയ കാര്യങ്ങൾക്ക് കേസെടുക്കുന്നതിനാണ് ക്വാട്ട നിശ്ചയിച്ചത്. രോഗം വ്യാപിച്ച സ്റ്റേഷനുകളിലെ പൊലീസുകാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. 248 പൊലീസുകാർക്ക് രോഗം ബാധിച്ചതായി മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. 10000ത്തിൽ 42 പൊലീസുകാർക്കാണ് വൈറസ് ബാധ. റിസ്ക് കണക്കാക്കി പ്രത്യേക ഇൻഷ്വറൻസ് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.