covid

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നും രാജ്യത്തിൻെറ വിഭാഗങ്ങളിലെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചതിൽ ഭൂരിഭാഗം പേരുടെയും രോഗഉറവിടം കേരളമല്ലെന്ന് ആരോഗ്യവകുപ്പിൻെറ കണ്ടെത്തൽ. ഐ.സി.എം.ആർ കണക്കനുസരിച്ച് ജൂലായ് 31 വരെ സംസ്ഥാനത്തു നിന്ന് മറ്റിടങ്ങളിലേക്ക് പോയവരിൽ 227പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ എട്ടുപേർക്ക് മാത്രമാണ് കേരളത്തിൽ നിന്ന് രോഗബാധയേൽക്കാൻ സാദ്ധ്യത.കൊവിഡ് ബാധിതരുടെ യാത്രാചരിത്രം, സമ്പർക്കപ്പട്ടിക എന്നിവ പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ടിലാണിത്.
ഐ.സി.എം.ആർ പട്ടികയിൽ 32 പേരെ കണ്ടെത്താനായില്ല. അവർ നൽകിയ മൊബൈൽ നമ്പർ, വിലാസം എന്നിവ തെറ്റാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള ഒമ്പത് പേരെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായിട്ടില്ല. ബാക്കിയുള്ള 186 പേരിൽ 178 പേരുടെയും രോഗ ഉറവിടം ഇവിടമല്ല. സേലത്തും, മുംബയിലും സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശികൾ, വെല്ലൂരിലും, കൊൽക്കത്തയിലും സ്ഥിരീകരിച്ച വയനാട് സ്വദേശികൾ, സേലത്ത് സ്ഥിരീകരിച്ച പാലക്കാട് സ്വദേശി, തിരുച്ചിയിൽ സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശി, മംഗലാപുരത്ത് സ്ഥിരീകരിച്ച കാസർകോട് സ്വദേശി, കൊൽക്കൊത്തയിൽ സ്ഥിരീകരിച്ച കോട്ടയം സ്വദേശി എന്നിവർക്കാണ് രോഗം ഇവിടെനിന്ന് പകർന്നിരിക്കാൻ സാദ്ധ്യത. ചികിത്സയ്ക്കായി അടിക്കടി മംഗലാപുരത്ത് പോയിവരുന്ന അഞ്ച് പേരും പട്ടികയിലുണ്ട്.