തിരുവനന്തപുരം: പഠനവകുപ്പുകളിലെ അദ്ധ്യാപക നിയമനങ്ങൾ യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ച് പൂർണ്ണമായും മെരിറ്റടിസ്ഥാനത്തിലാണ് നടത്തിയതെന്ന് കേരള സർവകലാശാലയുടെ വിശദീകരണം. ഓരോ അപേക്ഷയും സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അപേക്ഷകന് ലഭ്യമായ ഇൻഡക്സ് മാർക്ക് ബോധ്യപ്പെടുത്തിയും ഇന്റർവ്യൂ നടത്തിയുമാണ് മികച്ചയാളെ സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്യുന്നത്. ചാൻസലറുടെ പ്രതിനിധി ഉൾപ്പെടെ വിവിധ സർവകലാശാലകളിലെ പ്രൊഫസർമാരടങ്ങുന്നതാണ് ഈ സമിതി. ഗവേഷണ താൽപര്യവും അദ്ധ്യാപനമികവും അക്കാഡമിക് യോഗ്യതകളുമെല്ലാം പരിശോധിച്ചാണ് ശുപാർശ. അപേക്ഷകന്റെ കുടുംബ പശ്ചാത്തലവും മറ്റും പരിഗണിക്കില്ല. കമ്മിറ്റിയുടെ ശുപാർശ അംഗീകരിക്കുകയോ, വീണ്ടും വിജ്ഞാപനത്തിനു നിർദേശിക്കുകയോ ചെയ്യുന്ന ഭരണപരമായ ഉത്തരവാദിത്തമാണ് സിൻഡിക്കേറ്റിനുള്ളത്. മികച്ച നിർദേശങ്ങളായതു കൊണ്ടാണ് നിയമനങ്ങൾക്ക് സിൻഡിക്കേറ്റ് അനുമതി നൽകിയത്.
2017ലാണ് അദ്ധ്യാപക നിയമനത്തിന് വിജ്ഞാപനമിറക്കിയത്. ഒഴിവുകൾ ഒറ്റ യൂണിറ്റായി പരിഗണിച്ചാണ് സംവരണമേർപ്പെടുത്തിയത്. സുപ്രീം കോടതിയിലുൾപ്പെടെ നടന്ന കേസുകൾക്കൊടുവിലാണ് 49 അദ്ധ്യാപക നിയമനങ്ങൾ നടത്തിയതെന്നും സർവകലാശാല അറിയിച്ചു.