തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളെയും സപ്ളൈകോയെയും അവശ്യസർവീസാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. ഇതിനുപിന്നാലെ റേഷൻ കടയുടമകളുടെ സംഘടനകളിൽ ഒരു വിഭാഗം പ്രഖ്യാപിച്ച ഇന്നത്തെ കട അടപ്പ് സമരം പിൻവലിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 25ന് പുറപ്പെടുവിച്ച അവശ്യസേവന നിയമ വിജ്ഞാപനത്തിന്റെ പരിധിയിൽ റേഷൻകടകളെയും സപ്ളൈകോയെയും ഉൾപ്പെടുത്തിയിരുന്നില്ല. ഇ-പോസ് മെഷീനുകൾ പണിമുടക്കുന്നതിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത സമര സമിതി ഇന്ന് കടകൾ അടച്ച് സമരം ചെയ്യാൻ തീരുമാനിച്ചിരുന്നത്. പകരം ഇന്ന് കരിദിനം ആചരിക്കുമെന്ന് സംയുക്ത സമരസമിതി നേതാക്കളായ ജോണി നെല്ലൂർ, കാടാമ്പുഴ മുസ്ല, ടി.മുഹമ്മദാലി, സുരേന്ദ്രൻ എന്നിവർ അറിയിച്ചു.