സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് രേഖയൊന്നുമില്ലാതെ ഗുഡ്സ് ഓട്ടോയിൽ കടത്തിയ 92. 5 ലക്ഷം രുപ പൊലീസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിലായി.
വാഹന പരിശോധനയ്ക്കിടെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുത്തങ്ങയ്ക്കടുത്ത് തകരപ്പാടിയിലായിരുന്നു കഴൽപട്ട വേട്ട. കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ പാലക്കണ്ടി വീട്ടിൽ നവാസ് (54), നടുക്കണ്ടി വീട്ടിൽ എൻ.കെ.ഹാറൂൺ (47) എന്നിവരാണ് പിടിയിലായത്. നർകോട്ടിക് ഡിവൈ.എസ്.പി റെജി, ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം കടത്താൻ ഉപയോഗിച്ച ടാറ്റ എയ്സ് ഗോൾഡ് ഫോർവീൽ ഗുഡ്സ് ഓട്ടോയും കസ്റ്റഡിയിലെടുത്തു. മൂന്ന് പ്ലാസ്റ്റിക് കവറുകളിലായാണ് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി കെട്ടുകളുണ്ടായിരുന്നത്.
രേഖകളില്ലാതെ പണവും നിരോധിത പുകയില ഉത്പന്നങ്ങളും വൻതോതിൽ കർണാടകയിൽ നിന്ന് മുത്തങ്ങ വഴി കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. അഞ്ച് ദിവസം മുമ്പ് ഇവിടെ നിന്ന് 51. 50 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.
പച്ചക്കറിയുടെ മറവിലാണ് പണവും നിരോധിത പുകയില ഉത്പന്നങ്ങളും കൊണ്ടുവരുന്നത്. മൂന്ന് ദിവസം മുമ്പ് കാൽ കോടി രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പച്ചക്കറി വാഹനത്തിൽ നിന്ന് മുത്തങ്ങയിൽ വെച്ച് പിടികൂടിയിരുന്നു.
ഡോഗ് സ്‌ക്വാഡിന്റെ സേവനം കൂടി പ്രയോജനപ്പെടുത്തിയാണ് പൊലീസ് സംഘത്തിന്റെ പരിശോധന.