തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം.ശിവശങ്കർ സ്വപ്നാ സുരേഷിനൊപ്പം നടത്തിയ ഗൾഫ് യാത്രകൾ സർക്കാർ രേഖകളിൽ ഔദ്യോഗികം.
2017 ഏപ്രിലിൽ സ്മാർട്ട് സിറ്റി പദ്ധതിക്കായും 2018 ഏപ്രിലിൽ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനും ദുബായിൽ പോകാനായിരുന്നു സർക്കാർ അനുമതി. 2017 ഏപ്രിൽ 10 മുതൽ 13 വരെയുള്ള ദുബായ് യാത്രയിൽ സ്വപ്നയും ഒപ്പം പോയി. ഏപ്രിൽ 9 മുതൽ 11 വരെ ദുബായിൽ നടന്ന എട്ടാമത് വാർഷിക നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിന് ശിവശങ്കറിന് പുറമെ പൊതുഭരണ പ്രിൻസിപ്പൽ സെക്റട്ടറി ബിശ്വനാഥ് സിൻഹയ്ക്കും സർക്കാർ അനുമതി നൽകിയിരുന്നു. യാത്രാ ദിവസമാണ് അനുമതി നൽകിയുള്ള ഉത്തരവും ഇറങ്ങിയത്.
പിന്നീട് ഐ.ടി കമ്പനികളുമായി ചർച്ച നടത്താൻ ഏപ്രിൽ 12 മുതൽ 15 വരെ ഒമാൻ സന്ദർശനത്തിനും അനുമതി നൽകി. ഒമാൻ യാത്രയ്ക്കിടെ സ്വപ്ന അവിടെയെത്തി ശിവശങ്കറിനെ കണ്ടെന്നും മടക്കം ഇരുവരും ഒരുമിച്ചായിരുന്നുവെന്നും എൻഫോഴ്സ്‌മെന്റ് കണ്ടെത്തി. ഈ യാത്രകളിലൂടെ കേരളത്തിലേക്ക് ഐ.ടി നിക്ഷേപമെത്തിയതായി വിവരമില്ല. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്‌മെന്റ് ഒരുങ്ങുന്നത്.