തിരുവനന്തപുരം :വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായി റോഡ് വീതികൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിൽ ഉയർന്ന പരാതികൾ പരിഗണിച്ച് സ്ഥലം പരിശോധിക്കുന്നതിന് വി.കെ.പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ പി.ഡബ്ലു.ഡിയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കാഞ്ഞിരംപാറ, വട്ടിയൂർക്കാവ് മണ്ണറക്കോണം എന്നീ പ്രദേശങ്ങളിലെത്തി പരിശോധിച്ചു. വട്ടിയൂർക്കാവ് വികസനവുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും ഗൗരവമായും അനുഭാവപൂർണമായും പരിഗണിക്കുമെന്ന് വി.കെ.പ്രശാന്ത് അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനം 95 ശതമാനവും പൂർത്തിയായി.സമയബന്ധിതമായി റവന്യൂ വകുപ്പിന്റെ ഗസറ്റ് നോട്ടിഫിക്കേഷനും സാമൂഹ്യാഘാത പഠനവും പൂർത്തിയാക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.പി.ഡബ്ലു.ഡി. റോഡ് വിഭാഗം ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ,സൂപ്രണ്ടിംഗ് എൻജിനിയർ പി.എൽ ഗീത,എക്‌സിക്യൂട്ടീവ് എൻജിനിയർ ജ്യോതി.ആർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ രാജ് മോഹൻ തമ്പി ,അസിസ്റ്റന്റ് എൻജിനിയർ ജിജോ.വി. മനോഹർ എന്നിവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.