കൊച്ചി: എറണാകുളം സൗത്തിൽ ഇടുക്കി സ്വദേശിയെ കവർച്ചചെയ്ത സംഘത്തിലെ രണ്ടുപേരെക്കൂടി സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. ഫോർട്ടുകൊച്ചി കുന്നുംപുറം വൈ.എം.സി.എ റോഡിൽ നിസ്മാൻ (23), കോട്ടയം അയർക്കുന്നം മണർകാട് പടിപ്പുരയ്ക്കൽ വീട്ടിൽ ഹരീഷ് (20) എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതി നോബിൾ റിമാൻഡിലാണ്.
ജൂലായ് എട്ടിന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ചിറ്റൂർ റോഡിൽ കൂടി വരികയായിരുന്ന മദ്ധ്യവയസ്‌കനായ ഇടുക്കി സ്വദേശിയെ നാലുപേർചേർന്ന് തടഞ്ഞുനിറുത്തി മൂന്നരപവൻ സ്വർണമാലയും മൊബൈൽഫോണും 3000 രൂപയും തട്ടിയെടുത്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്. സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.