pacha

പാലോട്: നന്ദിയോട് ചെറ്റച്ചൽ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ജൂണിൽ സഞ്ചാരയോഗ്യമാക്കും എന്ന അധികാരികളുടെ ഉറപ്പ് പാഴായി. ആഗസ്റ്റ് അവസാനമായിട്ടും റോഡ് നിർമ്മാണം എങ്ങും എത്താത്ത സ്ഥിതിയാണ്. 9.86 കോടി രൂപയാണ് കരാർ തുക. ഒരു റോഡ് നവീകരണം വരുത്തിയ വിന ഓർത്ത് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ് നന്ദിയോട് പച്ചയിലെ നാട്ടുകാർ. 2018ൽ തുടങ്ങിയപ്പോൾ മുതൽ സർക്കാർ നിർദ്ദേശങ്ങൾ കരാർ കമ്പനി പാലിക്കുന്നില്ല എന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള പല നിർമ്മാണങ്ങളും അവഗണിച്ചാണ് റോഡ് നിർമ്മാണം. നിലവിൽ കാൽനട യാത്ര പോലും സാദ്ധ്യമാകാത്ത സ്ഥിതിയാണ്. റോഡ് നിർമ്മാണത്തിനായി എത്തിച്ച മണ്ണ് പല സ്ഥലങ്ങളിലും കൂട്ടിയിട്ട നിലയിലാണ്. റോഡിന്റെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ഈ മൺകൂന കയറി വേണം റോഡിലെത്താൻ. വീടുകളിലും കടകൾക്ക് മുന്നിലും ഓടകളിൽ സ്ലാബ് സ്ഥാപിക്കുമെന്ന ഉറപ്പ് ഉൾപ്പെടെ മെന്നതുൾപ്പെടെ ഒന്നും പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ ബഡ്ജറ്റ് വർക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 2018ൽ 9.68 കോടി രൂപയാണ് കരാർ തുക. പച്ച ആലുമ്മൂട് ഭാഗത്ത് അശാസ്ത്രീയമായി മണ്ണു മാറ്റിയതിനാൽ മണ്ണിടിച്ചിൽ തുടരുകയാണ്. റോഡ് നിർമ്മാണത്തിനായ് പുരയിടം വിട്ടു നൽകിയവരും മരങ്ങൾ മുറിച്ചുമാറ്റിയവരും ഇപ്പോ തൃശങ്കുവിലാണ്. റേഡ് റെഡിയായില്ല എന്ന് മാത്രമല്ല ലക്ഷങ്ങൾ ചെലവാക്കി വീട്ടിലേക്കുള്ള വഴിയൊരുക്കാനുള്ള തത്രപാടിലാണ് ഇവർ. ടാറിംഗിനു മുമ്പേ പച്ച ജംഗ്ഷനിൽ കരിങ്കല്ലിൽ തീർത്ത പാർശ്വഭിത്തിയുടെ ഒരു ഭാഗം ഇടിഞ്ഞു വീണിരുന്നു. കരാർ വ്യവസ്ഥകൾ ഒന്നും പാലിക്കാതെയാണ് നിലവിൽ റോഡുപണി നടക്കുന്നതെന്നും ഇതിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പദ്ധതിയിൽ

 6800 മീറ്റർ ഓട നിർമ്മാണം

 സൈഡ് വാൾ നിർമ്മാണം

 പാലങ്ങൾ

നന്ദിയോട് ചെറ്റച്ചൽ റോഡുനിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കും.
(നന്ദിയോട് രാജേഷ്, പ്രസിഡന്റ്, എസ്.എൻ.ഡി.പി.യൂത്ത് മൂവ്‌മെന്റ്, നെടുമങ്ങാട് താലൂക്ക് യൂണിയൻ)