brimoor

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ ബ്രൈമൂർ ഗോൾഡൻ വാലി എസ്റ്റേറ്റിലെ 150ലേറെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ. സർക്കാർ നൽകുന്ന സൗജന്യറേഷൻ മാത്രമാണ് ഇന്ന് ഇവരുടെ വിശപ്പകറ്റാനുള്ള ഏകമാർഗം. തൊഴിൽ നഷ്ട്ടപ്പെട്ട് വർഷങ്ങളായി അർദ്ധപട്ടിണിയിൽ കഴിയുന്നവരാണ് അധികവും. പൊട്ടിപ്പൊളിഞ്ഞതും ചോർന്നൊലിക്കുന്നതുമായ ലയങ്ങളിലാണ് ഇവരുടെ താമസം. ചെറിയ കാറ്റടിച്ചാലും തകർന്നു വീണേക്കാവുന്ന ഇവിടങ്ങളിൽ ഭയത്തോടെയാണ് തൊഴിലാളികൾ കഴിയുന്നത്. ബ്രട്ടീഷുകാരുടെ കാലത്തു പണിത ഈ ലയങ്ങൾ ഏത് സമയവും തകരാവുന്ന അവസ്ഥയിലാണ്. ഒന്ന് ഇടിഞ്ഞ് വീഴുമ്പോൾ അടുത്തതിലേക്ക് താമസം മാറ്റും. ടോയ്‌ലെറ്റുകൾ പകർച്ചവ്യാധികളുടെ സങ്കേതമാണ്. പഞ്ചായത്തിന്റെ ഇടപെടൽ കൊണ്ട് ലയങ്ങളിൽ വൈദ്യുതി ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യംപോലും ഇല്ലാത്തതിനാൽ ചിലർ വാടകവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. അടിസ്ഥാനാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായി നിലവിൽ റിലീഫ് ഫണ്ട് ഇനത്തിൽ രണ്ടരക്കോടി രൂപ അനുവദിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം ഒന്നും നടപ്പായില്ല. തമിഴ്നാട്ടിൽ നിന്നും എത്തിയ നൂറുകണക്കിന് കുടുംബങ്ങളാണ് ബ്രൈമൂർ എസ്റ്റേറ്റിൽ പണിയെടുത്തത്. എഡ്വേഡ് വിൽമൂർ സായിപ്പിന്‌ശേഷം നമ്മുടെ നാട്ടുകാർ ഏറ്റെടുത്തതോടെ തോട്ടം മേഖല തകർന്നു. ഭൂരിഭാഗം തൊഴിലാളികളും തിരികെ മടങ്ങുകയും ശേഷിക്കുന്നവർ തുശ്ചമായ വരുമാനത്തിലുമാണ്‌ ജോലിയെടുക്കുന്നത്. 90 കഴിഞ്ഞ വെള്ളാച്ചിയമ്മയും പേച്ചിയമ്മയുമാണ് ഏറ്റവും പ്രായം ചെന്നവർ.ഗതാഗതയോഗ്യമല്ലാത്ത വഴികളിലൂടെ ഏകദേശം 15 കിലോമീറ്ററോളം നടന്നാണ് ഇവർ പുറംലോകത്ത് എത്തുന്നത്. ഈ വഴികളിൽ കാട്ടുമൃഗശല്യം രൂക്ഷവുമാണ്. നിലവിലെ ഓരോ തൊഴിലാളി കുടുംബത്തിനും 2007 മുതലുള്ള ബാദ്ധ്യതകളും കുടിശ്ശികയും ക്ഷാമബത്തയും കൊടുത്തു തീർക്കാനുണ്ട്. ഇനിയും അധികാരികളുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടായില്ലെങ്കിൽ തൊഴിലാളികൾ പട്ടിണിമരണത്തിലേക്കും രോഗങ്ങളിലേക്കും തള്ളപ്പെടും. കൂടാതെ മുടങ്ങിയ തോട്ടംതൊഴിൽ പുനഃരാരംഭിക്കുകയും വാസയോഗ്യമായ വീട് നിർമ്മിച്ചു നൽകണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.

‌ബ്രൈമൂർ എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ അനാസ്ഥതയാണ് പ്രധാന പ്രശ്നം. യാതൊരു നിവർത്തിയുമില്ലാത്ത പട്ടിണി പാവങ്ങളാണ് ഇപ്പോഴും ഇടിഞ്ഞു വീഴാറായ ലയങ്ങളിൽ താമസിക്കുന്നത്. പ്ലാന്റേഷൻ ഇൻസ്‌പെക്ടറുടേയും,ലേബർ ഡിപ്പാർട്ട്‌മെന്റിനേയുംനേതൃത്വത്തിൽ അന്വേഷണം നടത്തി ഇവർക്ക് മതിയായ ആനുകൂല്യങ്ങൾ ലഭ്യമാക്കണം
- ബി.പവിത്ര കുമാർ, പ്രസിഡന്റ്‌ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പാലോട്