sh
മെഹ്റിൻ ഷെബീർ

തിരുവനന്തപുരം: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിനെതിരായ പ്രതിരോധ സന്ദേശം പകർന്ന് ആറാം ക്ലാസുകാരി മെഹ്റിൻ ഷെബീർ ഒരുക്കിയ 'പാഠം ഒന്ന് പ്രതിരോധം" എന്ന ഹ്രസ്വചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തിരുവനന്തപുരം ശ്രീനാരായണ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയായ മെഹ്റിൻ ഷെബീർ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ഹ്രസ്വചിത്രത്തിന് കേന്ദ്രമന്ത്രി രാംദാസ് ആഠാവാലെയടക്കം നിരവധി പേരാണ് അഭിനന്ദനവുമായെത്തിയത്.

ലോക്ക്ഡൗണിൽ വീട്ടിൽ അടച്ചിരിപ്പായപ്പോഴാണ് ഈ പത്ത് വയസുകാരിയുടെ മനസിൽ ഹ്രസ്വചിത്രമെന്ന ആശയമുദിച്ചത്. മനസിലെ ആശയം കഥയും തിരക്കഥയുമാക്കി. ഷോർട്ട് ഫിലിമാക്കാൻ തീരുമാനിച്ചപ്പോൾ അദ്ധ്യാപകരും പ്രിൻസിപ്പലും പ്രോത്സാഹിപ്പിച്ചു. ഇതേ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയും സഹോദരനുമായ അഫ്നാൻ റെഫിയാണ് കാമറയും എഡിറ്റിംഗും നിർവഹിച്ചത്.

 ഒരുക്കിയത് മികച്ച ചിത്രം

മെഹ്റിനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൈ കെട്ടി വായ് മൂടിക്കെട്ടി പീഡിപ്പിക്കുന്നത് സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന കുട്ടിയുടെ ആശങ്കകളാണ് അഞ്ച് മിനിട്ടിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഷോർട്ട് ഫിലിം കണ്ട നടൻ മണിയൻപിള്ള രാജു അടുത്ത ഷോർട്ട് ഫിലിം നിർമ്മിക്കാൻ തയ്യാറാണെന്ന് വാക്കും നൽകി. അതിന്റെ ത്രില്ലിലാണ് മെഹ്റിൻ. ആദ്യ ചിത്രം മൊബൈലിലാണ് ചിത്രീകരിച്ചതെങ്കിൽ അടുത്തത് വലിയ കാമറയിൽ ഷൂട്ട് ചെയ്ത് സാങ്കേതിക മികവോടെ എഡിറ്റ് ചെയ്യാനാണ് ഒരുങ്ങുന്നത്.

സുരേഷ് പുന്നശേരിലും തൻവീർ അബൂബക്കറും നിർമ്മിച്ച ചിത്രത്തിന് സ്മിത ആന്റണിയാണ് സംഗീതം നൽകിയത്. ദുൽഫൻ റെഫി, ഡിസൈനർ വിഷ്ണു രാംദാസ് എന്നിവരായിരുന്നു അസോസിയേറ്റ് ഡയറക്ടർ.

'കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെപ്പറ്റിയുള്ള വാർത്തകളാണ് ഹൃസ്വചിത്രത്തിലേക്ക് വഴിതെളിച്ചത്".

- മെഹ്റിൻ