വെള്ളറട: തമിഴ്നാട്ടിൽ പ്ലാസ്റ്റിക് കച്ചവടം നിരോധിച്ചതോടെ കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിൽ വ്യാപകമായ തോതിലാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കച്ചവടം. അതിർക്കപ്പുറത്ത് തമിഴ്നാട്ടിൽ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുകയും ഫാക്ടറികൾ അടച്ചുപൂട്ടുകയും നിയമനടപടികൾ ശക്തമാക്കുകയും ചെയ്തതോടെ കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിറ്റുതീർക്കുന്നതിനായി ക്രമാതീതമായി എത്തുകയാണ്. കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുന്നതിനാലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. മലയോരമേഖലയിലെ മിക്ക പഞ്ചായത്തുകളിലും പ്ലാസ്റ്റിക്ക്ക്യാരി ബാഗുകളുടെയും പ്ലാസ്റ്റിക് പ്ലേറ്റുകളുടെയും ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരുവുകൾ പുറപ്പെടുവിക്കുകയും ബോധവത്കരണ സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും കമ്പോളത്തിൽ ഇപ്പോഴും പ്ലാസ്റ്റിക്കിന്റെ ആധിപത്യം നിലനിൽക്കുകയാണ്. കർശനമായ നിയന്ത്രണങ്ങളിലൂടെയല്ലാതെ പ്ലാസ്റ്റിക്കിനെ നിയന്ത്രിക്കുക അസാധ്യമാണ്. പലയിടങ്ങളിൽ നിന്നായി ഉപേക്ഷിക്കുന്ന മാലിന്യം കുന്നുകൂടി ഗ്രാമപ്രദേശങ്ങളിലെ റോഡുവക്കുകൾ മാലിന്യ കുമ്പാരമായി മാറിയിരിക്കുകയാണ്.
അതിർത്തിക്കപ്പുറത്ത് പ്ലാസ്റ്റിക് ഉത്പാദനം തടഞ്ഞെങ്കിലും അതീവ രഹസ്യമായി ഉത്പന്നങ്ങൾ കേരളത്തിൽ കച്ചവടത്തിന് എത്തിക്കുന്ന സംഘങ്ങൾ സജീവമാണ്.
വ്യാപകമായാണ് മത്സ്യച്ചന്തകളിലും മറ്റു കടകളിലും ഇപ്പോൾ പ്ളാസ്റ്റിക് നിർമ്മിത ക്യാരിബാഗുകൾ ഉപയോഗിക്കുന്നത്
പ്ലാസ്റ്റിക്കെന്ന അപകടകാരി
ഹോട്ടലുകളിൽ ഭക്ഷണപദാർത്ഥങ്ങൾ പാർസൽ ചെയ്യാനുപയോഗിക്കുന്നത് പ്ലാസ്റ്റിക്കാണ്. ചുടുള്ള ഭക്ഷണസാധനങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ ശേഷം ഉപയോഗിക്കുന്നത് കാൻസറിനും മറ്റ് മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പ്ലാസ്റ്റിക് പ്രകൃതിക്കും അതിന്റെ സന്തുലനാവസ്ഥയെയും പ്രതികൂലമായാണ് ബാധിക്കുന്നത്. ഗ്രമങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാനപ്രശനം രാത്രിയിൽ നഗരത്തിൽ നിന്നും മറ്റും വ്യക്തികളെത്തി മാലിന്യങ്ങൾ റോഡരികിൽ ഉപേക്ഷിക്കുന്നതാണ്. ഈ മാലിന്യങ്ങളിൽ അധികവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. തെരുവുനായകൾ ഇവ വലിച്ചിഴച്ച് ഗ്രമങ്ങളിൽ പലയിടത്തായി എത്തിക്കും. എത്ര തന്നെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയാലും ഇത്തരത്തലുള്ള ചെയ്തികൾക്ക് അറുതിയുണ്ടാവില്ല.