malayinkil

മലയിൻകീഴ്: മലയിൻകീഴ് മഠത്തിങ്ങൽക്കര പ്രദേശവാസികൾ സമീപത്തെ പശുഫാം കാരണം ദുരിതത്തിലായിട്ട് വർഷങ്ങളേറെയായി. പശുഫാമിലെ മാലിന്യങ്ങലും മലിനജലവും പരിസരപ്രദേശങ്ങലിലേക്കും ജലസ്രോതസുകളിലേക്കും ഒഴുകി വരുന്നതാണ് ദുരിതത്തിന് കാരണം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമിൽ നിന്നാണ് ഇത്തരത്തിൽ മാലിന്യം പുറത്തേക്കെത്തുന്നത്. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കുന്നതിനായി സഹകരിക്കണമെന്ന് രേഖാമൂലം ഫാം ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ഫാമിൽ നിന്ന് മാലിന്യം പുറത്തേക്കെത്തുന്നതിന് യാതൊരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തുന്നതിന് പുറമേ സമീപത്തുള്ള കൈത്തോട്ടിനേയും മലിനപ്പെടുത്തുന്നുണ്ട്. ഫാമിലെ മാലിന്യ സംഭരണത്തിനായുള്ള കുഴി നിറഞ്ഞതാണ് മാലിന്യം പുറത്തേക്കെത്താൻ കാരണം. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ഇത്തരത്തിൽ മാലിന്യം ഒഴുകിയെത്തിയാൽ പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നതിനാൽ റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പടെ ഇത് തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാലിന്യം ഒഴുകിയെത്തുന്നതിന് പുറമേ അസഹ്യമായ ദുർഗന്ധവും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നുണ്ട്. മഴ പെയ്യുന്ന സമയങ്ങളിലെ സ്ഥിതി കൂടുതൽ കഠിനകരമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇത്തരത്തിൽ പൊറുതിമുട്ടിയ സമീപവാസികൾ ആരോഗ്യ വകുപ്പ് മന്ത്രിക്കും മലയിൻകീഴ് ഗ്രാമപഞ്ചായത്ത്,​ ആരോഗ്യവകുപ്പ് എന്നിവർക്ക് രേഖാമൂലം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആക്ഷേപവും ശക്തമാണ്. പഞ്ചായത്ത് അധികൃതരെത്തി നോട്ടീസ് നൽകിയതൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവിലെ സ്ഥിതി തുടർന്നാൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.

 കുടിവെള്ളം മുട്ടി

കന്നുകാലി ഫാമിൽ നിന്ന് ഒലിച്ചിറങ്ങുന്ന മാലിന്യം സമീപത്തെ വീടുകളിലെ കിണറുകളിലും മറ്റ് ജലശ്രോതസുകളിലും ഒഴുകിയെത്തുന്നതിനാൽ കുടിവെള്ളവും മലിനമായെന്നാണ് നാട്ടുകാർ പറയുന്നത്. അസഹ്യമായ ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് വീടുകളിൽ കഴിയാനാകാത്ത സ്ഥിതിയായിട്ടുണ്ട്. ഫാമിൽ നിന്ന് മാലിന്യം ഒഴുക്കി വിടുന്ന വിവരം വാർഡ് അംഗം ഉൾപ്പെടെയുള്ളവരെ അറിയിച്ചെങ്കിലും മാലിന്യം ഒഴുക്ക് തടയാനായിട്ടില്ല. ദുർഗന്ധം സഹിച്ചും കുടിവെള്ളമില്ലാതെയും ദുരിതം പേറുകയാണ് പ്രദേശവാസികൾ. മഠത്തിങ്ങൽക്കരയിലെ ഉയർന്ന സ്ഥലത്താണ് ഈ ഫാം സ്ഥിതിചെയ്യുന്നത്. ഫാമിലെ മാലിന്യത്തിന് അറുതി വരുത്താൻ മാലിന്യം പുറത്തേക്ക് ഒഴുക്കിവിടാതെ സ്വന്തം പുരയിടത്തിൽ ശേഖരിച്ച് നിറുത്തുകയോ ശരിയായ രീതിയിലുള്ള മാലിന്യ നിർമാർജന രീതി സ്വീകരിക്കുകയോ,​ ഫാം തത്സ്ഥാനത്ത് നിന്ന് മാറ്റുകയോ വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം