nirmmicha-veedu

കല്ലമ്പലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയിൽ ആത്മഹത്യ ചെയ്ത പ്രവാസിയുടെ കുടുംബത്തിന് വീടൊരുങ്ങി. പള്ളിക്കൽ മൂതല ചെമ്മരം ഷീജ വിലാസത്തിൽ പി. അനിൽകുമാറിന്റെ കുടുംബത്തിനാണ് കെ.എം. ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വീടുനിർമ്മിച്ചു നൽകിയത്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ വീടിന്റെ താക്കോൽ കൈമാറുമെന്ന് സൊസൈറ്റി പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൊസൈറ്റിയുടെ കാരുണ്യ ഭവന പദ്ധതിയുടെ രണ്ടാമത്തെ വീടാണിത്.

അനിൽകുമാറിന്റെ മരണത്തോടെ ഭാര്യ ഷീജയും രണ്ട് മക്കളും അനിൽകുമാറിന്റെ മാതാവും ഉൾപ്പെട്ട കുടുംബം അനാഥമായി. ഇവർ താമസിച്ചിരുന്ന മണ്ണുകൊണ്ടുള്ള വീട് ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലായിരുന്നു. ഈ വീടുള്ളതിനാൽ ലൈഫ് പദ്ധതിയിലും വീട് ലഭിച്ചില്ല. ഇതോടെയാണ് ഇവർക്ക് വീട് നിർമ്മിച്ചുനൽകാൻ സൊസൈറ്റി തീരുമാനിച്ചത്.

പ്രദേശത്തെ സി.പി.എം പ്രവർത്തകരുടെ സഹായത്തോടെ 9 ലക്ഷം രൂപ ചെലവിലാണ് 650 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും വർക്ക് ഏരിയയും അടങ്ങുന്ന വീട് നിർമ്മിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീഡിയോ കോൺഫറൻസിലൂടെ താക്കോൽദാന ചടങ്ങ് നിർവഹിക്കും.

ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ താക്കോൽ കൈമാറും. സൊസൈറ്റി പ്രസിഡന്റ് അഡ്വ. മടവൂർ അനിൽ അദ്ധ്യക്ഷത വഹിക്കും. ക്വാറന്റൈൻ കേന്ദ്രത്തിൽ 63 ദിവസം സേവനം അനുഷ്ഠിച്ച ഡി.വൈ.എഫ്.ഐ കിളിമാനൂർ ഏരിയാ ട്രഷറർ ഡി. രജിത്തിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദരിക്കും. സൊസൈറ്റി സെക്രട്ടറി എം. ഷാജഹാൻ, വൈസ് പ്രസിഡന്റ് അഡ്വ. എസ്. ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഡി. സ്മിത, ട്രഷറർ എസ്. രഘുനാഥൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.