ഏറെ മുമ്പേ നടത്തേണ്ടിയിരുന്ന പരീക്ഷാ പരിഷ്കരണത്തിനാണ് സംസ്ഥാന പബ്ളിക് സർവീസ് കമ്മിഷൻ ഒരുങ്ങുന്നത്. യു.പി.എസ്.സി മാതൃകയിൽ രണ്ട് ഘട്ട പരീക്ഷ നടത്തി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക എന്നതാകും പുതിയ രീതി. ഓരോ തസ്തികയ്ക്കും ഇപ്പോൾ ലക്ഷക്കണക്കിനു അപേക്ഷകൾ കൈകാര്യം ചെയ്യേണ്ടിവരുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ഏറ്റവും അനുയോജ്യരായവരെ കണ്ടെത്താനും കഴിയും. അപേക്ഷകരെ ഒന്നാകെ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി അതിൽ യോഗ്യത നേടുന്നവരെ മാത്രം രണ്ടാം ഘട്ട പരീക്ഷയ്ക്ക് ഇരുത്തുക എന്നതാകും ഇനിമുതൽ നടപ്പാക്കുന്ന പരിഷ്കാരം. രണ്ടാം പരീക്ഷയിൽ നേടുന്ന മാർക്കാകും റാങ്ക് ലിസ്റ്റിനായി പരിഗണിക്കപ്പെടുക. പ്രാഥമിക തലത്തിൽത്തന്നെ മൂന്നു വിഭാഗങ്ങളായി തിരിച്ച് പരീക്ഷ നടത്തേണ്ടിവരും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, ബിരുദ തല യോഗ്യത ആവശ്യമായ ഉദ്യോഗങ്ങൾക്ക് അപേക്ഷിക്കുന്നവരെയാകും ഇങ്ങനെ തരം തിരിച്ച് പരീക്ഷ നടത്തുക. എൻജിനിയറിംഗ്, മെഡിസിൻ, അദ്ധ്യാപകർ തുടങ്ങിയ പ്രൊഫഷണൽ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് സ്ക്രീനിംഗ് ടെസ്റ്റ് വേണ്ടതില്ല. അടുത്ത ഡിസംബർ മുതൽ പുതിയ പരീക്ഷാ ഘടന നടപ്പിലാക്കാനാണ് തീരുമാനം. ഓരോ പത്തു മാസവും സ്ക്രീനിംഗ് ടെസ്റ്റ് നടത്താനുള്ള സ്ഥിരം സംവിധാനം ഒരുക്കും. ഇതിനാവശ്യമായ സിലബസും തയ്യാറായിട്ടുണ്ട്.
കാലാകാലങ്ങളായി പിന്തുടരുന്ന അശാസ്ത്രീയമായ നടപടിക്രമങ്ങളാണ് പി.എസ്.സിയുടെ ജോലിഭാരം അസഹനീയമാക്കുന്നത്. പത്ത് ഒഴിവുകൾക്കാണെങ്കിൽ പോലും ലക്ഷക്കണക്കിനു അപേക്ഷകരെയാകും കൈകാര്യം ചെയ്യേണ്ടിവരുന്നത്. സമാന സ്വഭാവമുള്ള തസ്തികകൾക്ക് പൊതുപരീക്ഷ നടത്തി റാങ്ക് പട്ടിക തയ്യാറാക്കിയാൽത്തന്നെ ജോലിഭാരം പകുതി കുറയും. എന്നാൽ ഇടയ്ക്കിടെ നടത്താറുള്ള എൽ.ഡി.സി ടെസ്റ്റ് ഒഴികെ മറ്റു വിഭാഗങ്ങൾക്ക് മൊത്തം ബാധകമാകുന്ന പൊതു പരീക്ഷകൾ ഇല്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന ഓരോ തസ്തികയ്ക്കും പ്രത്യേകം പ്രത്യേകം പരീക്ഷയും ഇന്റർവ്യൂവുമൊക്കെ വേണ്ടിവരുന്നു. എൽ.ഡി.സി റാങ്ക് പട്ടിക നിലനിൽക്കെ തന്നെ ബോർഡുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുമൊക്കെ ക്ളാർക്കുമാരെ തിരഞ്ഞെടുക്കാൻ പ്രത്യേകം പരീക്ഷ നടത്തേണ്ടിവരുന്നു. നിയമവും ചട്ടവുമാണ് തടസം നിൽക്കുന്നതെങ്കിൽ അത് ആവശ്യാനുസരണം മാറ്റിയെഴുതാൻ എന്താണു തടസം. ഒരുവർഷം ശരാശരി ഇരുപതിനായിരത്തിനപ്പുറം നിയമനങ്ങൾ പി.എസ്.സി വഴി നടക്കാറില്ല. ഇത്രയും പേരെ തിരഞ്ഞെടുക്കാൻ എത്ര വിപുലമായ സംവിധാനം പ്രവർത്തിച്ചിട്ടും ഉദ്യോഗാർത്ഥികൾക്ക് എന്നും പരാതികളേ ഉള്ളൂ. പരീക്ഷാ നടത്തിപ്പിലും റാങ്ക് പട്ടിക തയ്യാറാക്കുന്നതിലും ഉണ്ടാകുന്ന കാലതാമസത്തെച്ചൊല്ലിയാകും പ്രധാന ആക്ഷേപം. അടുത്തകാലത്തായി പരീക്ഷകളിലുണ്ടാകുന്ന ക്രമക്കേടുകളും ചോദ്യപേപ്പറുകളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പി.എസ്.സിയുടെ സൽകീർത്തിയെ ബാധിച്ച കാര്യങ്ങളാണ്.
ലോക്ക് ഡൗൺ കാരണം കഴിഞ്ഞ നാലഞ്ചു മാസമായി പി.എസ്.സിയിലും എല്ലാം മന്ദഗതിയിലായിരുന്നു. ലക്ഷക്കണക്കിനു അപേക്ഷകളാണ് പരിശോധിക്കപ്പെടാനായി കിടക്കുന്നത്. കൊവിഡ് മൂലം മാറ്റിവച്ച നിരവധി പരീക്ഷകളുണ്ട്. അടുത്ത മാസം മുതൽ അവ നടത്തുമെന്നാണ് അറിയിപ്പ്. നേരത്തെ ഇറക്കിയ വിജ്ഞാപന പ്രകാരമുള്ള തസ്തികകളിലേക്കും പരീക്ഷ നടത്തേണ്ടതുണ്ട്. കൊവിഡ് സാഹചര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നതിനാൽ പി.എസ്.സിക്ക് ലക്ഷ്യം കാണാനാകുമോ എന്നതിൽ സന്ദേഹം നിലനിൽക്കുകയാണ്.
അഭ്യസ്തവിദ്യർ ഏറെയുള്ള കേരളത്തിൽ ഏതെങ്കിലുമൊരു സർക്കാർ ജോലി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പി.എസ്.സി ഏതു വിജ്ഞാപനമിറക്കിയാലും അപേക്ഷകരുടെ അഭൂതപൂർവമായ ബാഹുല്യം അതിനു തെളിവാണ്. എട്ടാം ക്ളാസ് മാത്രം യോഗ്യത ആവശ്യമായ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ പരീക്ഷ എഴുതാൻ എട്ടുലക്ഷത്തിലധികം പേരാണുണ്ടായിരുന്നത്. എൽ.ഡി.സി പരീക്ഷയിലും കാണാം അഭൂതപൂർവമായ ഈ തിരക്ക്. ബിരുദാനന്തര ബിരുദക്കാർ മുതൽ എൻജിനിയർമാരും എം.ബി.എക്കാരുമൊക്കെ ഇതിൽ വരും. ഓരോ തസ്തികയ്ക്കും ഏറ്റവും യോഗ്യരായവരെ കണ്ടെത്താൻ പാകത്തിൽ പരീക്ഷാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചാൽ 'വെറുതേ" അപേക്ഷ നൽകുന്നവരുടെ എണ്ണം കുറയ്ക്കാനാകും. ഡിസംബർ മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന രണ്ടു ഘട്ട പരീക്ഷാ സമ്പ്രദായം ഒരു പരിധിയോളം ഗുണം ചെയ്യുമെന്നു പ്രതീക്ഷിക്കാം. വിഷയാധിഷ്ഠിതവും വിവരണാധിഷ്ഠിതവുമായ രണ്ടാം ഘട്ട പരീക്ഷയിലൂടെ കഴിവുറ്റവരെത്തന്നെ കണ്ടെത്താനാകും.
സമാന തസ്തികകൾക്ക് പൊതു റാങ്ക് പട്ടിക എന്ന ആശയത്തിന് പി.എസ്.സി ഇതുവരെ ചെവികൊടുത്തിട്ടില്ല. അതിനു പാകത്തിൽ സർക്കാരാണു നിയമവും ചട്ടവും ഭേദഗതി ചെയ്യേണ്ടത്. ഉദ്യോഗം തേടുന്ന അഭ്യസ്തവിദ്യരിൽ നന്നേ ചെറിയൊരു ഭാഗം മാത്രമാണ് പി.എസ്.സി വഴി സർവീസിലെത്താറുള്ളത്. അതുതന്നെ ഏറെ നീണ്ട കാത്തിരിപ്പിനു ശേഷവും. ഓരോ വകുപ്പിലും ഉണ്ടാകുന്ന ഒഴിവുകൾ അപ്പപ്പോൾ വകുപ്പു മേധാവി പി.എസ്.സിയെ അറിയിക്കണമെന്നാണു ചട്ടം. എന്നാൽ സാധാരണഗതിയിൽ ഇതുണ്ടാകാറില്ല. റാങ്ക് പട്ടിക സജീവമായി ഉള്ളപ്പോഴും ഏറെപ്പേർ വളഞ്ഞ വഴികളിലൂടെ സർക്കാർ സർവീസിൽ കയറിക്കൂടുന്ന സമ്പ്രദായം മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്. ഏതു മുന്നണി അധികാരത്തിലുള്ളപ്പോഴും ഇതിനു മാറ്റമില്ല. റാങ്ക് പട്ടികകൾക്ക് കുറച്ചു മാസങ്ങൾ കൂടി ആയുസ് നീട്ടി നൽകി ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുകയാണു ചെയ്യുന്നത്.
ഒരു കോടിയിലേറെ ഉദ്യോഗാർത്ഥികളുടെ അപേക്ഷകളാണ് തങ്ങൾക്കു കൈകാര്യം ചെയ്യേണ്ടിവരുന്നതെന്ന് പി.എസ്.സി ചെയർമാൻ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പരീക്ഷാ പരിഷ്കരണം കൊണ്ട് ഈ സംഖ്യ കുറയ്ക്കാനാവില്ലെന്നു വ്യക്തം. അപേക്ഷാ ബാഹുല്യം കുറയണമെങ്കിൽ പൊതു പരീക്ഷയും അതനുസരിച്ചുള്ള റാങ്ക് പട്ടികയുമൊക്കെ വേണ്ടിവരും. എല്ലാ പരീക്ഷക്കും എല്ലാവരും അപേക്ഷിക്കുന്ന സാഹചര്യം നിലനിന്നാൽ അപേക്ഷകൾ ഒരുവിധത്തിലും കുറയ്ക്കാനാവില്ല