തിരുവനന്തപുരം: മണ്ണന്തല ഗവ. പ്രസിൽ 5.5 കോടി മുടക്കി വാങ്ങിയ അത്യാധുനിക വെബ് ഓഫ്സെറ്റ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് മഷിയും പ്ളേറ്റും വാങ്ങാൻ അടിയന്തര നടപടി. മഷിയില്ലാതെ അച്ചടി യന്ത്രം തുരുമ്പെടുത്ത് നശിക്കുന്നതായി കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച
റിപ്പോർട്ടിനെ തുടർന്നാണിത്.
സെൻട്രൽ പ്രസ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരം, മഷി വാങ്ങാൻ 24നും, പ്ളേറ്റ് വാങ്ങാൻ 27നും ഇ-ടെൻഡറിനുള്ള നടപടികൾ സ്റ്റോക്ക് ആൻഡ് സ്റ്റോർ ഡെപ്യൂട്ടി സൂപ്രണ്ട് ആരംഭിച്ചു. നടപടികൾ പൂർത്തിയായാൽ അടുത്ത മാസം പകുതിയോടെ അച്ചടി ആരംഭിക്കാനാവും. അത്യാധുനിക ഒഫ് സെറ്റ് മെഷീനിൽ ഉപയോഗിക്കുന്നത് സ്പെഷ്യൽ ബാരൽ മഷിയാണ്. 5 ബാരലിന് 2 ലക്ഷം രൂപയാണ് വില. അഞ്ച് തരം അത്യാധുനിക പ്ളേറ്റുകളാണ് ഉപയോഗിക്കുന്നത്. മെഷീൻ പ്രവർത്തനം തുടങ്ങുന്നതോടെ, സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകുന്ന അച്ചടിയും ഇവിടെ ചെയ്യാനാവും. ഫാം ഇൻഫർമേഷൻ വകുപ്പ് പ്രസിദ്ധീകരണങ്ങളുടെ 30 ലക്ഷത്തിന്റെ അച്ചടിയാവും ആദ്യം.
ഷെഡ് നവീകരിക്കും
മെഷീനിരിക്കുന്ന സ്ഥലത്ത് വേണ്ടത്ര സൗകര്യമില്ലെന്നും മഴയത്ത് വെള്ളം വീഴുന്നുണ്ടെന്നും
കേരളകൗമുദി ചൂണ്ടിക്കാണിച്ചിരുന്നു. ഇതേത്തുടർന്ന്, ചോർച്ച പരിഹരിച്ച് ഷെഡ് നവീകരിക്കാൻ പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർക്കും എക്സിക്യൂട്ടീവ് എൻജിനിയർക്കും മണ്ണന്തല പ്രസ് ഡെപ്യൂട്ടി സൂപ്രണ്ട് കത്ത് നൽകി. രണ്ടു ദിവസത്തിനകം എസ്റ്റിമേറ്റ് കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
അച്ചടി വേസ്റ്റുകൾ
കുന്നുകൂടുന്നു
മണ്ണന്തല പ്രസിൽ ഏഴു ലക്ഷം മുടക്കി സജ്ജീകരിച്ച വേസ്റ്റ് ഇൻസുലേറ്ററും പ്രവർത്തനരഹിതമാണ്. പുതിയ ഇൻസുലേറ്റർ ഉപയോഗിക്കാനാവശ്യമായ ജീവനക്കാരെ നിയോഗിച്ചിട്ടില്ല. അച്ചടി വേസ്റ്റുകൾ കുന്നുകൂടിക്കിടപ്പാണ്.