കോവളം: വാഹനാപകടം പതിവായ തിരുവല്ലം ബൈപാസിൽ കാലന്റെ വേഷം കെട്ടി നടത്തിയ പ്രതിഷേധ സമരം സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് സാമൂഹ്യ പ്രവർത്തകനായ ജീമോൻ കല്ലുപുരയ്ക്കൽ ഓൾ കേരള ഓട്ടോ ബ്രദേഴ്സ് അസോസിയേഷനുനായി ചേർന്ന് അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വ്യത്യസ്‌ത സമരം നടത്തിയത്. അപകടം കുറയ്ക്കാൻ അധികൃതർ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. കഴക്കൂട്ടം കോവളം ബൈപാസ് റോഡ് യാഥാർത്ഥ്യമായ ശേഷം തിരുവല്ലത്ത് അപകടം പതിവാണ്. വൺവേ എന്ന് തെറ്റിദ്ധരിച്ച് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്. അപകടങ്ങളെ തുടർന്ന് ബൈപാസിന് സമാന്തരമായി പുതിയൊരു പാലം നിർമ്മിക്കാൻ പദ്ധതിയിട്ടെങ്കിലും ഈ നീക്കം അധികൃതർ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് സി.പി.എം ശാന്തിപുരം ബ്രാഞ്ച് സെക്രട്ടറി മോഹനൻ ഇവിടെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ബൈപാസ് റോഡ് തുറന്നുകൊടുത്ത ശേഷം ഇതുവരെ ഇരുപതോളം അപകടങ്ങളാണുണ്ടായത്. അടുത്തിടെ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാക്കൾ ഇപ്പോഴും ചികിത്സയിലാണ്.