തിരുവനന്തപുരം: ഉത്തരക്കടലാസുകളിൽ ഒരു ഭാഗം മെഷീൻ പുറന്തള്ളിയതിനെത്തുടർന്ന് നീണ്ടുപോയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പ്രാഥമിക പരീക്ഷയുടെ ഒന്ന്, രണ്ട് സ്ട്രീമുകളുടെ ഫലം 26 ന് പ്രസിദ്ധീകരിക്കുന്നതിന് പിന്നാലെ, മെയിൻ പരീക്ഷയും അഭിമുഖവും ഡിസംബറിനകം നടത്താൻ പി.എസ്.സി തയ്യാറെടുക്കുന്നു. അടുത്ത വർഷമാദ്യം നിയമന ശുപാർശ നൽകാനാണ് നീക്കം.
ഹയർസെക്കൻഡറി സീനിയർ അദ്ധ്യാപകരെ മൂന്നാം സ്ട്രീമിലേക്ക് പരിഗണിക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ, മൂന്നാം സ്ട്രീമിന്റെ ഫലം തടഞ്ഞുവയ്‌ക്കുമെങ്കിലും മെയിൻ പരീക്ഷയ്‌ക്ക് മുൻപായി ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ. കഴിയുമെങ്കിൽ മൂന്ന് സ്ട്രീമുകളുടെയും മെയിൻ പരീക്ഷ ഒരുമിച്ച് നടത്തും.
കെ.എ.എസ് മെയിനിൽ മൂന്ന് വിഷയങ്ങളിലെ അറിവ് പരിശോധിക്കുന്ന മൂന്ന് പരീക്ഷയാണുള്ളത്. ഓരോ വിഷയത്തിനും നൂറ് മാർക്ക് വീതം. ആദ്യദിവസം രാവിലെയും ഉച്ചയ്‌ക്കുമായി രണ്ടു പരീക്ഷയും അടുത്ത ദിവസം അവസാന പരീക്ഷയും. മൂന്ന് പേപ്പറുകളുടെയും സിലബസ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റർവ്യൂവിന് 50 മാർക്കാണ്.
മെയിൻ പരീക്ഷയിലെ ഒന്നാമത്തെ പേപ്പറിൽ കേരളചരിത്രം, സംസ്‌കാരം, ലോകചരിത്രം എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാവും. രണ്ടാമത്തെ പേപ്പറിൽ ഭരണഘടനയും രാഷ്ട്രീയവുമാണ് പ്രധാന വിഷയം. കൂടാതെ, സമകാലീന സംഭവങ്ങൾ, സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയും. മൂന്നാമത്തെ പേപ്പറിൽ എക്കണോമിക്‌സും ഭൂമിശാസ്ത്രവും.
ഓൺ സ്‌ക്രീൻ
മാർക്കിംഗ്
കെ.എ.എസ് മെയിൻ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലാണ്. ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്ത ശേഷം കമ്പ്യൂട്ടർ സ്‌ക്രീനിന്റെ ഒരു ഭാഗത്ത് ഉത്തരമെഴുതിയ ഭാഗവും മറുഭാഗത്ത് ഉത്തരസൂചികയും ലഭ്യമാക്കും. ഉത്തരസൂചികയിലെ പോയിന്റുകളാണോ ഉത്തരക്കടലാസിലുള്ളതെന്ന് എളുപ്പത്തിൽ കണ്ടെത്താനാവും. കാലതാമസമില്ലാതെ ഫലം പ്രഖ്യാപിക്കാനും കഴിയും.