തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക കണ്ടെത്താനെന്ന പേരിൽ ആരുടെയും ഫോൺവിളി വിവരങ്ങൾ (സി.ഡി.ആർ) ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമായതോടെ, പൊലീസ് പിന്മാറി. രോഗിയുടെ റൂട്ട്മാപ്പ് തയ്യാറാക്കാനായി ശേഖരിക്കുന്നത് ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമാണെന്ന് പൊലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു.
കൊവിഡിന്റെ മറവിൽ പൊലീസ് നടത്തുന്ന ഫോൺ ചോർത്തൽ നിയമവിരുദ്ധമാണെന്ന് കേരളകൗമുദി ആഗസ്റ്റ്14ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ നൽകിയ ഹർജിയിന്മേലാണ് പൊലീസിന്റെ കരണംമറച്ചിൽ. എം.ശിവശങ്കർ ജൂൺ 29ന് ഇറക്കിയ ഉത്തരവിൽ ഫോൺവിളി വിവരങ്ങൾ ശേഖരിക്കാനാണ് അനുമതി നൽകിയത്. സി.ഡി.ആർ ശേഖരിക്കാൻ ഇന്റലിജൻസ്, ഹെഡ്ക്വാർട്ടർ എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ സർക്കുലറുമിറക്കി. ഇത് ടെലിഗ്രാഫ് ആക്ടിന് വിരുദ്ധവും അഞ്ച് വർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റവുമാണ്.
രാജ്യസുരക്ഷയെ ബാധിക്കുന്നതും ക്രിമിനൽ സ്വഭാവമുള്ളതുമായ കേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും മാത്രമാണ് ഫോൺരേഖകൾ ചട്ടപ്രകാരം ശേഖരിക്കാനാവുന്നത്. അല്ലെങ്കിൽ അടിയന്തര സാഹചര്യത്തിലോ, പൊതുസുരക്ഷ മുൻനിറുത്തിയോ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥന് ഫോൺ വിവരങ്ങളെടുക്കാം.
കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ ടവർ ലൊക്കേഷൻ ശേഖരിക്കുന്നതുകൊണ്ട് കാര്യമായ ഗുണമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരു വ്യക്തി മൊബൈലുമായി പോയ സ്ഥലങ്ങൾ അറിയാനാവുമെങ്കിലും സമ്പർക്കം പുലർത്തിയവരുടെ വിവരം അയാൾ തന്നെ വെളിപ്പെടുത്തണം. നിരീക്ഷണത്തിലുള്ളയാൾ ഫോൺ വീട്ടിൽ വച്ച് പുറത്തിറങ്ങിയാൽ ഇതെല്ലാം അസ്ഥാനത്താവും. നേരിട്ട് സമ്പർക്കം പുലർത്തുന്നവരുമായി ഫോൺ വിളിക്കേണ്ടതില്ലെന്നതും പൊലീസ് നടപടിയിലെ പൊള്ളത്തരം വെളിച്ചത്താക്കുന്നു.
ടവർ ലൊക്കേഷനും സംശയകരം
ജി.പി.എസ് ലൊക്കേഷനിലൂടെ മാത്രമേ മൊബൈലുള്ള സ്ഥലം കണ്ടെത്താനാകൂ. ഇതിനായി ഫോണിൽ ജി.പി.എസ് ലൊക്കേഷൻ ഓൺ ചെയ്തിരിക്കണം. നഗരങ്ങളിൽ ടവർ ലൊക്കേഷൻ ഒരു കിലോമീറ്റർ പരിധിയിലായിരിക്കും. ഗ്രാമങ്ങളിൽ ആറ്കിലോമീറ്റർ വരെയും. ജി.പി.എസ് ലൊക്കേഷൻ പരിശോധിക്കാൻ ഫോൺ വിളിരേഖകൾ വേണ്ട.
അപകടം
*മൊബൈൽ നമ്പർ ഉപയോഗിക്കുന്ന ആളിന്റെ ജാതകമാണ് കാൾ ഡേറ്റാ റെക്കാഡർ (സി.ഡി.ആർ).
* ഉപഭോക്താവിന്റെ ഡേറ്റ,വൈഫൈ വിവരങ്ങളും ലഭിക്കും. സ്വകാര്യവിവരങ്ങൾ ചോർത്താം.
* കൊവിഡിന്റെ മറവിൽ പൊലീസിന് ആരുടെയും വിവരങ്ങൾ തേടാം. ആരുടെ നമ്പരും മൊബൈൽഫോൺ കമ്പനികൾക്ക് കൈമാറാം.