ആറ്റിങ്ങൽ: കൊവിഡ് പശ്ചാത്തലത്തിൽ ആറ്റിങ്ങൽ നഗരസഭയിൽ ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ ഇളവ് നൽകുമെന്ന് ചെയർമാൻ എം. പ്രദീപ് പറഞ്ഞു. വ്യാപാരികളുമായുള്ള ചർച്ചയിലൂടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഏതു വ്യാപാര സ്ഥാപനങ്ങളിലായാലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 30 പേരിൽ കൂടുതൽ പ്രവേശിപ്പിക്കാൻ പാടില്ല. എന്നാൽ കടകളുടെ പ്രവർത്തന സമയം രാത്രി 9 മണിവരെയാക്കി നീട്ടിയിട്ടുണ്ട്.
മാർക്കറ്റുകളെ സംബന്ധിച്ച് അവിടെ എത്തുന്ന മത്സ്യ വിപണനം ഉൾപ്പെടെയുള്ള ആറ്റിങ്ങലിന് പുറത്തുനിന്നും എത്തുന്ന കച്ചവടക്കാർ കൊവിഡ് നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കച്ചവടം ചെയ്യാൻ അനുവദിക്കുകയുള്ളു. ആലംകോടുള്ള മത്സ്യ മൊത്ത വ്യാപാര മാർക്കറ്റിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും മത്സ്യം എത്തുന്നതിനാൽ ഇത് കർശനമായി പരിശോധിക്കും. മത്സ്യ ഏജന്റുമാരും മത്സ്യ തൊഴിലാളികളും ഇത് പാലിക്കണം. അഞ്ചുതെങ്ങ് കണ്ടെൻമെന്റ് സോണല്ലാതായാലും ഓണ വിപണിയിൽ ആറ്റിങ്ങലിലെ മാർക്കറ്റുകളിൽ കച്ചവടം നടത്തണമെങ്കിൽ പരിശോധനാ ഫലം നെഗറ്റീവ് എന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
നാട്ടുകാരും ചിലകാര്യങ്ങൾ കർശനമായി പാലിച്ചേ മതിയാകൂ. സർട്ടിഫിക്കറ്റ് ഇല്ലാത്ത മത്സ്യ കച്ചവടക്കാരിൽ നിന്നും മത്സ്യം വാങ്ങി ഓണക്കാലത്ത് അപകടം ക്ഷണിച്ചു വരുത്തരുതെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.
ഓണക്കാല വഴി വാണിഭം കർശനമായി നിരോധിക്കാനാണ് തീരുമാനം. ഇത്തരക്കാർക്കായി പ്രത്യേക സ്ഥലം ക്രമീകരിക്കും. ഇവിടെയും സർട്ടിഫിക്കറ്റ് ഇല്ലാത്ത വരെ കച്ചടം ചെയ്യാൻ അനുവദിക്കില്ല. മുനിസിപ്പൽ ഓഫീസിന്റെ എതിർ വശത്തുള്ള സ്ഥലത്തും നാലുമുക്കിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ ഉടമകളുമായി കണ്ട് സ്ഥലം ആവശ്യപ്പെട്ടിരിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു.