d

കിളിമാനൂർ: നാടാകെ കൊവിഡ് പ്രതിരോധ നടപടിയിലേക്ക് തിരിഞ്ഞതോടെ പാത്തും പതുങ്ങിയും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ തിരിച്ചെത്തി. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധ മാറിയപ്പോഴാണ് ഉപയോഗം കൂടിയത്. ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കിയ നിരോധനമാണ് ഇപ്പോൾ വ്യാപാര സ്ഥാപനങ്ങൾ കാറ്റിൽ പറത്തുന്നത്. വഴിയോരക്കച്ചവടക്കാർ മുതൽ ഹോട്ടലുകൾ വരെ സാധനങ്ങൾ നൽകുന്നത് നിരോധിച്ച പ്ലാസ്റ്റിക് കവറുകളിലാണ്.

ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം നിരോധിച്ചത്. തുടക്കത്തിൽ ടൺ കണക്കിന് പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് പിടിച്ചെടുത്തത്. ഇതേതുടർന്ന് ധാരാളം തുണിസഞ്ചികൾ വിപണിയിൽ ഇറങ്ങിയിരുന്നു. സർക്കാർ തലത്തിൽ പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. നിരോധനത്തിന്റെ ആദ്യ നാളുകളിൽ വ്യാപാര സ്ഥാപനങ്ങളിൽ പേപ്പർ, തുണി സഞ്ചികളിലായിരുന്നു ഉത്പന്നങ്ങൾ നൽകിയിരുന്നത്. ചന്തകളിൽ മീൻ പൊതിഞ്ഞു നൽകുന്നതിന് പാളയും, തേക്കിലയും ഒക്കെ തിരികെ എത്തിയിരുന്നു. എന്നാൽ കൊവിഡ് കാലം എത്തിയതോടെ ഭരണകൂടങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വീണ്ടും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തിരികെ എത്തുകയുമുണ്ടായി. ഓണക്കാലമാകുന്നതോടെ ഇനിയും ഇതിന്റെ ഉപഭോഗം വർദ്ധിക്കാം. ത്രിതല പഞ്ചായത്ത് തലത്തിൽ ഇതിന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ നാടെങ്ങും വീണ്ടും പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ട് നിറയും.