chennithala

തിരുവനന്തപുരം: സർക്കാർ വിരുദ്ധ വാർത്തകൾക്ക് മേലെ വ്യാജവാർത്തയെന്ന ചാപ്പയടിച്ച് മാദ്ധ്യമപ്രവർത്തകരെ സൈബർ ആക്രമണത്തിന് എറിഞ്ഞു കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാർ പ്രസിൽ നിന്നും ഒ.എം.ആർ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട് വാർത്ത എഴുതിയ മാദ്ധ്യമപ്രവർത്തകനോട് വിശദീകരണം പോലും ചോദിക്കാതെ വ്യാജ വാർത്ത എന്ന ചാപ്പയടിച്ച് പി.ആർ.ഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

സൈബർ ഗുണ്ടകളെ വച്ച് സി.പി.എം നടത്തുന്നത് പി.ആർ.ഡിയെ ഉപയോഗിച്ച് മുഖ്യമന്ത്രി ചെയ്യുകയാണ്. മുഖ്യമന്ത്രി നേരിട്ട് ഭരിക്കുന്ന വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ അഴിമതിയും ക്രമക്കേടും നടക്കുന്നത്.

വസ്തുതകളുടെ അടിസ്ഥാനത്തിൽ ചെയ്യുന്ന വാർത്ത സർക്കാരിന് എതിരാണെങ്കിൽ മാദ്ധ്യമപ്രവർത്തകരുടെ മേൽ കുതിരകയറുകയാണ്. മീഡിയ സെൻസർഷിപ്പിലൂടെ അസുഖകരമായ വാർത്തകൾ ഒഴിവാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

വടക്കാഞ്ചേരിയിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് നിർമാണത്തിൽ സർക്കാരിന് ബന്ധമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും സത്യസന്ധമായി മാദ്ധ്യമങ്ങൾക്ക് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.