പൂവാർ: തീരദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് മാസങ്ങളായി. കോട്ടുകാൽ, കരുംകുളം, പൂവാർ തുടങ്ങിയ തീരദേശ ഗ്രാമപഞ്ചായത്തിലെ ബീച്ച് റോഡുകളിലും തീരത്തുമുള്ള സ്ട്രീറ്റ് ലൈറ്റുകളാണ് കത്താതിരിക്കുന്നത്. കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ അടിമലത്തുറ, അമ്പലത്തുംമൂല വാർഡുകളിലെ ഒട്ടുമുക്കാൽ സ്ട്രീറ്റ് ലൈറ്റുകളും കത്തുന്നില്ല. കൂടാതെ എം.പി, എം.എൽ.എ തുടങ്ങിയവരുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ് ലൈറ്റുകളുടെയും അവസ്ഥ ഇതു തന്നെയാണ്. പുലർച്ചെ മത്സ്യ ബന്ധനത്തിന് പോകുന്ന മത്സ്യതൊഴിലാളികൾ, സന്ധ്യാനേരങ്ങളിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരെയാണ് സ്ട്രീറ്റ് ലൈറ്റ് പ്രവർത്തിക്കാത്തത് കാര്യമായി ബാധിക്കുന്നത്. കരുംകുളം ഗ്രാമപഞ്ചായത്തിലെ പുല്ലുവിള, പുതിയതുറ, ചെമ്പകരാമൻതുറ, കൊച്ചുപള്ളി, ഇരയിമ്മൻതുറ, പള്ളം, കൊച്ചുതുറ, കരുംകുളം തുടങ്ങിയ സ്ഥലങ്ങകലെ സ്ട്രീറ്റ് ലൈറ്റുകളും കത്തുന്നില്ലന്ന് പരാതി ഉയർന്നിട്ടുണ്ട്. പൂവാർ പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിലും സ്ഥിതി ഇതു തന്നെയെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇവിടങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും ശല്യമുള്ളതിനാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കേടായ ലൈറ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ബന്ധപ്പെട്ടവർ ചെവിക്കൊള്ളാറില്ലെന്നും ആക്ഷേപമുണ്ട്.
ലൈറ്റുകൾ ഗോഡൗണിൽ
ഹൈമാസ് ലൈറ്റുകളുടെ മെയിന്റനൻസ് ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തിനാണ്. എന്നാൽ പലസ്ഥലങ്ങളിലും സ്ഥാപിച്ചപ്പോൾ പ്രകാശിച്ചതല്ലാതെ പിന്നീട് ഉപയോഗമുണ്ടായിട്ടില്ല. പഞ്ചായത്തുകൾ ലൈറ്റുകൾ വാങ്ങി ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് നാട്ടുകാരിൽ ചിലർ ആരോപിക്കുന്നത്. മാറ്റി സ്ഥാപിക്കാനുള്ള ആളെ കിട്ടാനില്ലെന്നും അധികൃതർ പറയുന്നു എന്നാണ് അവർ പറയുന്നത്. കൊവിഡ് 19 രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണായി തുടരുന്ന തീരപ്രദേശത്തെ സ്ട്രീറ്റ് ലൈറ്റുകൾ അടിയന്തരമായി മെയിന്റനൻസ് നടത്തി പ്രവർത്തനക്ഷമമാക്കുനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.