തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു പിന്നാലെ തിരുവനന്തപുരം വിമാനത്താവളവും കിട്ടിയതോടെ തലസ്ഥാനത്തെ ആകാശവും കടലും ഇനി അദാനിയുടെ നിയന്ത്രണത്തിൽ. വിമാനത്താവളത്തെ ലോകനിലവാരത്തിലാക്കുമെന്നാണ് അദാനിയുടെ ഉറപ്പ്. വിമാനത്താവള വികസനത്തിന് 1600 കോടി നീക്കിവച്ചതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു. 'അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട്' എന്ന കമ്പനിയും രൂപീകരിച്ചിട്ടുണ്ട്.
തൊട്ടതെല്ലാം പൊന്നാക്കിയ 58കാരൻ ഗൗതം അദാനിക്ക് വിമാനത്താവളം ലാഭത്തിലാക്കാൻ പുതുതന്ത്രങ്ങൾ പയറ്റേണ്ടിവരും. യാത്രക്കാരന് 168 രൂപ വച്ച് വിമാനത്താവള അതോറിട്ടിക്ക് നൽകണമെന്നാണ് കരാർ വ്യവസ്ഥ. തിരുവനന്തപുരത്ത് രാജ്യാന്തര യാത്രക്കാർക്ക് 1214 രൂപ യൂസർഫീസുണ്ട്. പ്രതിവർഷം നാലുശതമാനം വർദ്ധനയുമുണ്ട്.
സൗകര്യങ്ങൾ കൂട്ടി, എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടിയെ ബോദ്ധ്യപ്പെടുത്തിയാലേ 2021ൽ യൂസർഫീ കൂട്ടാനാവൂ. യൂസർഫീസ് കൂടുതലായതിനാൽ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ്നിരക്കും കൂടുതലാണ്. ഇനിയും നിരക്കുയർത്തുന്നത് യാത്രക്കാരെ അകറ്റും. എന്നാൽ അദാനിക്ക് കിട്ടിയ ആറ് വിമാനത്താവളങ്ങൾ കൂട്ടിയിണക്കി സർവീസുകളുണ്ടായാൽ തിരുവനന്തപുരത്തിന് കുതിപ്പാവും. ദേശീയതീർത്ഥാടന സർക്യൂട്ടിലും ഇടംപിടിച്ചേക്കാം.
അതേസമയം, സ്ഥലക്കുറവാണ് അദാനിക്ക് വെല്ലുവിളിയാവുക. 628.70 ഏക്കർ ഭൂമി കിട്ടുമെങ്കിലും ടെർമിനൽ വികസനത്തിനു പോലും തികയില്ല. 13 ഏക്കർ ഏറ്റെടുത്താലേ റൺവേ അന്താരാഷ്ട്രനിലവാരത്തിലാക്കാനാവൂ. ടെർമിനൽ വികസനത്തിനും 18 ഏക്കർ ഏറ്റെടുക്കണം. പണമുണ്ടാക്കാനുള്ള റിയൽ എസ്റ്റേറ്റ്, വികസന സംരംഭങ്ങൾക്ക് ഇവിടെ ഭൂമിയില്ല. വാണിജ്യ-പരസ്യ മാർഗത്തിലൂടെ വരുമാനം വർദ്ധിപ്പിച്ചാലേ അദാനിക്ക് പിടിച്ചുനിൽക്കാനാവൂ. നെടുമ്പാശേരിയിൽ1300, കണ്ണൂരിൽ 3200, ബംഗളൂരുവിൽ 5200 ഏക്കർ ഭൂമിയുണ്ട്.
വരുമാന വഴികൾ
1) ചെറിയ ഡ്യൂട്ടിഫ്രീഷോപ്പ് ഏറ്റെടുത്ത് വലുതാക്കാം.നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്രഅടി ഡ്യൂട്ടിഫ്രീഷോപ്പ് സിയാൽ നേരിട്ടു നടത്തുന്നു. പ്രതിവർഷം ലാഭം 250 കോടി
2) കണ്ണൂരിലേതുപോലെ ആഭ്യന്തരടെർമിനലിലും ബാർ തുടങ്ങാം. അന്താരാഷ്ട്രടെർമിനലിലെ ബാർ വിപുലീകരിക്കാം. സെക്യൂരിറ്റി ഏരിയയിലെ കടകളുടെ വലിപ്പം കൂട്ടാം
3) ടെർമിനലിൽ ഷോപ്പിംഗ് കേന്ദ്രങ്ങൾ തുറക്കാം. ട്രോളിയിൽവരെ പരസ്യം പതിക്കാം. വാണിജ്യ-പരസ്യ മാർഗത്തിലൂടെ 700 കോടിയാണ് നെടുമ്പാശേരിയിലെ വരുമാനം
തുറമുഖവുമായി ചേർന്ന്
തുറമുഖവും വിമാനത്താവളവും ചേർന്നുള്ള ബിസിനസ് സംരംഭങ്ങളുണ്ടാക്കും. ചരക്കുനീക്കം സുഗമമാവുമെന്നും ഇതിലൂടെ വ്യവസായനഗരമായി തിരുവനന്തപുരം വളരുമെന്നും അദാനി പറയുന്നു. ചരക്കു നീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും പദ്ധതിയുണ്ടാക്കും. കപ്പൽ-വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് പ്രഖ്യാപനം.
''വലിയ ഉത്തരവാദിത്വത്തോടെയാണ് വ്യോമയാന മേഖലയിലേക്കെത്തുന്നത്. വിമാനത്താവളം ലോകനിലവാരത്തിലാക്കും. ''
-കരൺ അദാനി
സി.ഇ.ഒ, അദാനി പോർട്സ്