ആറ്റിങ്ങൽ: ഊരുപൊയ്‌ക മങ്കാട്ടുമൂല ലക്ഷംവീട് കോളനിയിൽ വീടിന്റെ ചുവര് ഇടിഞ്ഞുവീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കോളനിയിലെ സാജന്റെ വീട്ടിലെ അടുക്കളഭാഗത്തെ ചുവരാണ് ഇടിഞ്ഞത്. സുധീർ മൻസിലിൽ ഷിഫാ ഫാത്തിമ (9), ബിന്ദുഭവനിൽ അഭിനവ് (8), ശോഭാനിവാസിൽ സാധിക സാജൻ (9), ശോഭ (34), അജിതാഭവനിൽ അജിത (36) എന്നിവർക്കാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കും പുറത്തുനിന്ന വീട്ടമ്മമാർക്കുമാണ് പരിക്കേറ്റത്. അഭിനവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ കൈയ്‌ക്കും കാലിനും പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.