arjunan

കാട്ടാക്കട:ഗ്രന്ഥശാലാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തെത്തി തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ച പരുത്തിപ്പള്ളി ജി.അർജുനന്റെ വേർപാട് നാടിനെ ദുഃഖത്തിലാഴ്‌ത്തി. കുറ്റിച്ചൽ പരുത്തിപ്പള്ളി കർഷക സഹൃദയ ഗ്രന്ഥശാലയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ അർജുനൻ 1975ൽ ആർ.എസ്.പി യുവജന വിഭാഗമായ പി.വൈ.എഫിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. തുടർന്ന് ആർ.എസ്.പിയിലൂടെ ജില്ലയിലെ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ, തോട്ടം തൊഴിലാളി യൂണിയൻ, നിർമ്മാണ തൊഴിലാളി യൂണിയൻ തുടങ്ങിയ സംഘടനകളെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. രണ്ട് തവണ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തംഗമായും ഒരുതവണ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.ദീർഘകാലം എസ്.എൻ.ഡി.പി യോഗം പരുത്തിപ്പള്ളി ശാഖയുടെ പ്രസിഡന്റായും ആധാരം എഴുത്ത് അസോസിയേഷൻ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. 40 വർഷമായി പരുത്തിപ്പള്ളി കർഷക സഹൃദയ ഗ്രന്ഥശാലയുടെ പ്രസിഡന്റായും പ്രവർത്തിച്ചുവരികയായിരുന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ അതികായനായിരുന്ന ജി. കാർത്തികേയനെതിരെ ആര്യനാട് നിയോജക മണ്ഡലത്തിൽ മത്സരിക്കാനുള്ള നിയോഗവും ഇടതുമുന്നണി നൽകിയത് അർജുനനാണ്. വാശിയേറിയ പോരാട്ടത്തിൽ വിജയിക്കാനായില്ലെങ്കിലും ജനഹൃദയങ്ങൾ കീഴടക്കിയാണ് അദ്ദേഹം മടങ്ങിയത്.

ആർ.എസ്.പിയുടെ മുന്നണി മാറ്റത്തിനുശേഷം പാർട്ടിയിൽ സജീവമല്ലാതായി. അരുവിക്കര ഉപതിരഞ്ഞെടുപ്പോടെ സി.പി.എമ്മിലെത്തിയ അർജുനൻ മരണംവരെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു.