life-mission

തിരുവനന്തപുരം: ലൈഫ് മിഷൻ ഭവന സമുച്ചയ പദ്ധതി നടപ്പാക്കാൻ യു.എ.ഇ റെഡ്ക്രസന്റുമായി സർക്കാരുണ്ടാക്കിയ ധാരണാപത്രത്തിൽ അടിമുടി അവ്യക്തത. കരാർ ലംഘനമുണ്ടായാൽ സംസ്ഥാന താല്പര്യം പരിരക്ഷിക്കാനുള്ള നിയമ പഴുത് പോലുമില്ല. കഴിഞ്ഞ വർഷം ജൂലായ് പത്തിന് തിടുക്കപ്പെട്ട് നിയമവകുപ്പിന്റെ അംഗീകാരം വാങ്ങിയെടുത്ത കരട് ധാരണാപത്രത്തെ മറയാക്കി ,സ്വപ്നാ സുരേഷ് കമ്മിഷൻ തട്ടിയെടുത്തതെങ്ങനെയെന്ന ചോദ്യവുമുയരുന്നു.

ധാരണാപത്രത്തിലെ വ്യവസ്ഥകളുടെ നടത്തിപ്പിൽ തർക്കങ്ങളുണ്ടായാൽ ചർച്ചയിലൂടെ പരമാവധി പരിഹരിക്കാൻ ശ്രമിക്കണമെന്നാണ് ഇതിൽ പറയുന്നത്. ഒരു കക്ഷിയുടെ വീഴ്ച മൂലം നഷ്ടമുണ്ടായാൽ പദ്ധതിയിൽ നിന്ന് മറ്റേ കക്ഷിക്ക് പിന്മാറാം. തർക്കപരിഹാരത്തിനുള്ള എല്ലാ വഴികളും അടഞ്ഞാലേ ഇത് പാടുള്ളൂ .നിയമ പരിരക്ഷയില്ലാത്ത കാര്യം നിയമവകുപ്പും കണ്ടില്ലെന്നാണ് പറയുന്നത്. സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടായാൽ ഏത് കോടതിയെ സമീപിക്കണമെന്ന ചോദ്യത്തിന് ഉത്തരമില്ല.

ഇംഗ്ലീഷിലും അറബിയിലുമായുള്ള ധാരണാപത്രത്തിലൊരിടത്തും വടക്കാഞ്ചേരിയിലെ വിവാദ ഭവനസമുച്ചയ പദ്ധതിക്ക് വേണ്ടിയുള്ള കരാറെന്ന് പറഞ്ഞിട്ടില്ല. അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്, വടക്കാഞ്ചേരിയിലെ നിർദ്ദിഷ്ട സ്ഥലത്തെ ഭവനസമുച്ചയ പദ്ധതിക്കായി കരാറൊപ്പിടുന്നതിന് മാസങ്ങൾക്ക് മുമ്പ് ഹാബിറ്റാറ്റിന് ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവിറങ്ങിയെന്നാണ്. അങ്ങനെയൊരുത്തരവ് നിലനിൽക്കെ, അതേ സ്ഥലത്ത് മറ്റൊരു പദ്ധതിക്കെങ്ങനെ അനുമതി നൽകുമെന്ന സാങ്കേതികത്വം മറികടക്കാനാണ് കരട് ധാരണാപത്രത്തിൽ വടക്കാഞ്ചേരിയെ ഒഴിവാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കരാറിൽ റെഡ്ക്രസന്റ് ഒന്നാം കക്ഷിയും സംസ്ഥാനസർക്കാർ രണ്ടാം കക്ഷിയുമാണ്. 20കോടിയുടെ ധനസഹായത്തിൽ 14.5 കോടി ഭവനനിർമ്മാണത്തിനും 5.5 കോടി ആശുപത്രി നിർമ്മാണത്തിനുമാണ്.ധാരണാപത്രത്തിന് ശേഷം ഓരോ പദ്ധതിക്കും പ്രത്യേക കരാർ വേണമെന്നും രേഖ നിർദ്ദേശിക്കുന്നു.