airport

തിരുവനന്തപുരം: സർക്കാരിനോ അദാനിക്കോ എന്ന അനിശ്ചിതാവസ്ഥ കാരണം രണ്ടുവർഷമായി തിരുവനന്തപുരം വിമാനത്താവളം മുരടിപ്പിലായിരുന്നു. അന്താരാഷ്ട്ര സർവീസുകൾ കുറഞ്ഞ്, വികസനപ്രവർത്തനങ്ങൾ സ്തംഭിച്ചു. ജെറ്റ്, സൗദിയ, ഫ്ലൈ ദുബായ്, സിൽക്ക് എയർലൈനുകൾ ഇവിടെ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ അവസാനിപ്പിച്ചു.

എയർപോർട്ട് അതോറിട്ടി നേരത്തേ പ്രഖ്യാപിച്ച 600 കോടിയുടെ വികസനപദ്ധതികളും മരവിപ്പിച്ചു. നിലവിലെ 33,300 ചതുരശ്ര അടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000 ചതുരശ്ര അടി കൂട്ടിച്ചേർക്കുന്നതടക്കമുള്ള പദ്ധതിയായിരുന്നു ഇത്.

വിമാനക്കമ്പനികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചകളെത്തുടർന്ന് ചില ആഭ്യന്തര സർവീസുകൾക്ക് ധാരണയായെങ്കിലും തുടർ നടപടിയുണ്ടായില്ല. ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഗോ-എയർ, എയർ ഏഷ്യ എന്നിവ ബംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് സർവീസിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആസ്ട്രേലിയൻ വിമാനക്കമ്പനിയായ ജെറ്റ്‌സ്റ്റാർ തിരുവനന്തപുരം-സിംഗപ്പൂർ സർവീസിനൊരുങ്ങിയെങ്കിലും നടന്നില്ല.

തലസ്ഥാനത്തെ സംരംഭകരും ടൂറിസം മേഖലയിലുള്ളവരും കൂടുതൽ അന്താരാഷ്ട്ര സർവീസിന് ആവശ്യമുന്നയിക്കുന്നു. തിരുവനന്തപുരത്തെ ഡിജിറ്റൽ ഹബിനുള്ള അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന് ടോക്കിയോയിലേക്ക് സർവീസ് വേണമെന്നാണ് നിസാൻ കമ്പനിയുടെ ആവശ്യം. കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ശ്രമിക്കുമെന്ന് അദാനിഗ്രൂപ്പ് വ്യക്തമാക്കി.

 കുറഞ്ഞത് അഞ്ഞൂറോളം സർവീസ്

ഒരു വർഷത്തിനിടെ തിരുവനന്തപുരത്തേക്കുള്ള അഞ്ഞൂറോളം സർവീസുകളാണ് കുറഞ്ഞത്. ശ്രീലങ്കയിലേക്കും സിംഗപ്പൂരിലേക്കുമുള്ള സിൽക്ക് എയർ സർവീസ് നിറുത്തി. ദുബായിലേക്ക് ആഴ്ചയിൽ നാല് സർവീസുണ്ടായിരുന്ന ഫ്ലൈദുബായ് കോഴിക്കോട്ടേക്ക് പോയി. ജെറ്റിന്റെ ദമാം സർവീസ് പോയതോടെ സൗദിയിലേക്ക് എയ‌ർ ഇന്ത്യയുടെ റിയാദ് വിമാനം മാത്രമായി. ദുബായിലേക്ക് എമിറേറ്റ്സും അബുദാബിയിലേക്ക് എത്തിഹാദും സർവീസ് പകുതിയാക്കി.