ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത കുറ്റാന്വേഷണ ചിത്രമാണ് വില്ലൻ. മാത്യൂ മാഞ്ഞൂരാൻ എന്ന വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായി മോഹൻലാൽ എത്തിയ ഈ ചിത്രം 2017ലാണ് തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം മലയാള സിനിമയ്ക്ക് അഭിമാനമാകുന്ന ഒരു നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ‘വില്ലൻ'. ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റം “കോൻ ഹേ വില്ലൻ” യൂട്യുബിൽ 50 മില്യൺ കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. മോഹൻലാലിനൊപ്പം തമിഴ് നടൻ വിശാൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റോക്ക് ലൈൻ വെങ്കടേഷ് ആണ്. മഞ്ജു വാര്യർ, ഹൻസിക, സിദ്ധിഖ്, രാശി ഖന്ന, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 8കെ ദൃശ്യമികവിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രമാണ് വില്ലൻ.