മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പരിശോധനയിൽ 19 പേർക്ക് കൂടി രോഗം കണ്ടെത്തുകയും 8 പേർ കൂടി രോഗമുക്തരായെന്നും ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ആർ. സുഭാഷും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രനും അറിയിച്ചു.
കടയ്ക്കാവൂർ ചമ്പാവിൽ 70 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 11 പേർക്കും അഞ്ചുതെങ്ങ് കായിയ്ക്കര ആശാൻ മെമ്മോറിയൽ എൽ.പി സ്കൂളിൽ 35 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 3 പേർക്കും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 28 പേരിൽ നടത്തിയ പരിശോധനയിൽ 3 പേർക്കും വക്കത്ത് 15 പേരിൽ പരിശോധനയിൽ രണ്ടു കുട്ടികൾക്കും രോഗമുള്ളതായി കണ്ടെത്തി. കടയ്ക്കാവൂരിൽ പാലിയേറ്റീവ് നഴ്സിനും അഞ്ചുതെങ്ങിൽ ഒരു അങ്കണവാടി വർക്കർക്കും രോഗമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വക്കത്ത് നടത്തിയ പരിശോധനയിൽ ആശാവർക്കർക്കും ഭർത്താവിനും രോഗം കണ്ടെത്തിയിരുന്നു. ചിറയിൻകീഴ് പുളുന്തുരുത്തിയിൽ 32 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ ആർക്കും രോഗമില്ലെന്ന് കണ്ടെത്തി.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിന്ന് അഞ്ചുതെങ്ങിലുള്ള 7 പേരും വക്കത്ത് നിന്നു ഒരാളും രോഗമുക്തരായി പുറത്തിറങ്ങി .ഡോ. രാമകൃഷ്ണ ബാബു, ഡോ. എൻ.എസ്. സിജു, ഡോ. ദീപക്, ഡോ. അഞ്ചു, ഡോ. ഭാഗ്യലക്ഷ്മി, ഡോ. നബീൽ, ഡോ.രശ്മി എന്നിവരടുങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. വ്യാഴാഴ്ചയും പരിശോധന നടത്തും.