airport

തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പുചുമതല ലഭിക്കുമെന്ന പ്രതീക്ഷയിൽ, ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന കമ്പനി രൂപീകരിച്ചുള്ള സർക്കാരിന്റെ നീക്കങ്ങളെല്ലാം പാളുകയായിരുന്നു. സർക്കാ‌ർ നേരിട്ട് ആവശ്യമുന്നയിക്കാതെ, കെ.എസ്.ഐ.ഡി.സിയും ചേർന്നുള്ള കൺസോർഷ്യം രൂപീകരിച്ച് ലേലത്തിൽ പങ്കെടുത്തതാണ് വിനയായത്. ലേലത്തിൽ രണ്ടാമതായിപ്പോയി.

ലേലത്തിൽ വിജയിച്ച അദാനിക്കും കേന്ദ്രത്തിനുമെതിരെ കേസുകൊടുത്തതിനാൽ 18 മാസമായി കരാറൊപ്പിടാനായിരുന്നില്ല. സുപ്രീംകോടതി വരെ നിയമയുദ്ധം നീണ്ടെങ്കിലും സ്റ്റേ ഉണ്ടാകാത്തതിനാൽ അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിടാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

ഗൾഫിലെ വ്യവസായികളുമായി ചേർന്നാണ് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങിയത്. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങൾ സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കമ്പനികളാണ് നടത്തുന്നത്. രണ്ടിടത്തും വൻ ഓഹരിപങ്കാളിത്തമുള്ള വ്യവസായികളാണ് തിരുവനന്തപുരത്തിനായും ശ്രമം നടത്തിയത്.

100 രൂപ മുഖവിലയുള്ള 4498 ഓഹരികളാണ് സർക്കാരിന് ടിയാൽ കമ്പനിയിലുള്ളത്. കെ.എസ്.ഐ.ഡി.സിക്ക് 500 ഓഹരികളും. ഇത് കടലാസ് കമ്പനിയാണെന്നാണ് കേന്ദ്രം വിലയിരുത്തിയത്. കിഫ്ബി, നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് എന്നിവയും ടിയാലിൽ ഓഹരിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും അതുണ്ടായില്ല.

വിമാനത്താവളം നടത്തിപ്പിന് സ്വകാര്യപങ്കാളിയെ കണ്ടെത്താൻ ആഗോള ടെൻഡർ വിളിക്കാൻ പോലും സർക്കാർ ഒരുങ്ങിയിരുന്നു. ജർമ്മിനിയിലെ ഫ്രാങ്ക്‌ഫർട്ട് എയർപോർട്ട് സ്വകാര്യ പങ്കാളിയാവാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും, 628.70 ഏക്കർ സ്ഥലം മാത്രമുള്ളതിനാൽ വികസന സംരംഭങ്ങൾക്ക് സൗകര്യമില്ലെന്ന് പിന്നീട് നിലപാടെടുത്തു.

സർക്കാർ ഭൂമിയിലെ വിമാനത്താവളം സർക്കാരിന് അവകാശപ്പെട്ടതാണെന്നും അനുമതിയില്ലാതെ സ്വകാര്യ കമ്പനിക്ക് അവിടെ വികസനം പറ്റില്ലെന്നും സർക്കാർ നിലപാടെടുത്തെങ്കിലും കേന്ദ്രം വകവച്ചില്ല. കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളുടെ നിർമ്മാണവും നടത്തിപ്പ് പരിചയവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. യാതൊരു മുൻപരിചയവുമില്ലാത്ത അദാനി എന്റർപ്രൈസസിന് വിമാനത്താവളം കൈമാറരുതെന്ന് മുഖ്യമന്ത്രി പലവട്ടം ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. പാട്ടക്കരാർ ഒഴിവാക്കാൻ ചീഫ്സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ഡൽഹിക്കയച്ച് സമ്മർദ്ദം ശക്തമാക്കിയെങ്കിലും വിഫലമായി. വിമാനത്താവളങ്ങളുടെ നടത്തിപ്പിലെ മുൻപരിചയം പരിഗണിച്ച് ലേലത്തിൽ സർക്കാരിന് പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യവും തള്ളി.

സ്വകാര്യനാവുമ്പോൾ

1) വിമാന സർവീസുകളുടെ നിയന്ത്രണമൊഴികെ വിമാനത്താവള അതോറിട്ടിക്ക് അധികാരം നഷ്‌ടം. പാട്ടഭൂമിയിൽ നിയന്ത്രണമില്ല

2) വിദേശ നിക്ഷേപത്തോടെ സൗകര്യങ്ങൾ വരുന്നതോടെ, മുടക്കുമുതൽ തിരിച്ചുപിടിക്കാൻ യൂസർ ഫീസ് വർദ്ധിച്ചേക്കും

3) ഗ്രൗണ്ട് ഹാൻഡ്‌ലിംഗിലെ 1200 ജീവനക്കാർക്കുൾപ്പെടെ ജോലി നഷ്ടപ്പെടാം, അതോറിട്ടിയുടെ റിക്രൂട്ട്മെന്റ് ഇല്ലാതാവും