mullapally

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണം വഴിമുട്ടിയെന്ന കോടതിയിലെ സി.ബി.ഐയുടെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

കൊലപാതകികളെ സംരക്ഷിക്കുന്ന സി.പി.എമ്മിന്റെ നാണംകെട്ട ഇടപെടലിനെത്തുടർന്നാണ് കേസന്വേഷണം വഴിമുട്ടിയതും അനന്തമായി നീണ്ടുപോകുന്നതും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും മൃഗീയമായി സി.പി.എം ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാനും അന്വേഷണം പാർട്ടി ഉന്നതരിലേക്ക് എത്താതിരിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിയത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാതെ കൊലപാതകകാരണം വ്യക്തിവൈരാഗ്യം എന്നത് മാത്രമായി ചുരുക്കി കുറ്റപത്രം സമർപ്പിച്ചു. സാക്ഷികളെക്കാൾ പ്രതികളെ മാത്രം വിശ്വാസത്തിലെടുത്ത് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തെ കണക്കിന് വിമർശിച്ചാണ് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കി സി.ബി.ഐ അന്വേഷണത്തിനുത്തരവിട്ടത്.

പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ ലക്ഷങ്ങളാണ് സർക്കാർ ചെലവാക്കിയത്. മക്കളുടെ കൊലയാളികൾക്കെതിരെ നീതിപൂർവകമായ അന്വേഷണം ആവശ്യപ്പെടുന്ന രക്ഷാകർത്താക്കൾക്കെതിരെ വാദിക്കാനാണ് സർക്കാർ ഖജനാവിൽ നിന്നും മുഖ്യമന്ത്രി ഒരുകോടിയോളം രൂപ ചെലവാക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.