വെഞ്ഞാറമൂട്: വഴിവിളക്കുകളില്ലാത്തതിനാൽ പേരിൽ മാത്രം നിർഭയമുള്ള റോഡിലൂടെ സഞ്ചരിക്കാൻ നാട്ടുകാർക്ക് ഭയം മാത്രം. വെഞ്ഞാറമൂട് ഉദിമൂട് ജംഗ്ഷനിൽ നിന്ന് വെളുത്തപാറയിലേക്കുള്ള നിർഭയ റോഡാണ് യാത്രക്കാർക്ക് ഭീതി സമ്മാനിക്കുന്നത്.
നെല്ലനാട് പഞ്ചായത്തിലെ കീഴായിക്കോണം വാർഡിൽ ഉൾപ്പെട്ട ഉദിമൂട്- വെളുത്തപാറ റോഡ് കടന്നുപോകുന്നത് കുന്നിൻപ്രദേശത്തു കൂടിയാണ്. രാത്രികാലങ്ങളിൽ ഇവിടെ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. ഇതാണ് യാത്രക്കാരുടെ ഭീതിക്ക് കാരണം.
ജില്ലാപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ സെന്റർ പ്രവർത്തിക്കുന്നതും ഉദിമൂട്ടിലാണ്. കേന്ദ്രത്തിന് മുന്നിലുള്ള ഹൈമാസ്റ്റ് ലൈറ്റാണ് വെളിച്ചത്തിനായുള്ള ഏക സംവിധാനം. ഇവിടെ നിന്ന് വെളുത്തപാറയിലേക്കുള്ള യാത്രയാണ് ഏറെ ദുരിതം. തെരുവ് വിളക്കുകൾ നാമമാത്രമുള്ള ഇതുവഴി ജീവൻ പണയംവച്ചാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിച്ച് തങ്ങളുടെ ഭീതിയകറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.