ktda

കാട്ടാക്കട: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വന്നതോടെ കാട്ടാക്കടയിൽ ജനത്തിരക്കേറുന്നു. കൊവിഡ് ഭീഷണിയെ വിസ്മരിച്ച് ജനം കൂട്ടത്തോടെ പട്ടണത്തിലേക്കെത്തിയതോടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പൊലീസും പെടാപ്പാടിലാണ്. രണ്ട് ദിവസമായി രാവിലെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം പരിശ്രമിച്ചാണ് പരിഹരിച്ചത്.

ഓണത്തിരക്ക് മുന്നിൽ കണ്ട് പഞ്ചായത്ത് ഫയർഫോഴ്സിനെ ഉപയോഗിച്ച് അണുനശീകരണം നടത്തിയതൊഴിച്ചാൽ കടകൾക്ക് മുന്നിലെ അനധികൃത പാർക്കിംഗ് പരിഹരിക്കാനോ തിരക്കുകുറയ്ക്കാനോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

റോഡും നടപാതയും കൈയേറിയുള്ള പാർക്കിംഗ് ഒഴിവാക്കാൻ നടപടിയില്ലാത്തതാണ് തിരക്ക് വർദ്ധിക്കാൻ കാരണം. ഓണനാളുകൾ അടുക്കുന്നതോടെ സ്ഥിതി വീണ്ടും സങ്കീർണമാകും. സാമൂഹ്യ അകലം പേരിനുപോലും ഇല്ലാത്തത് കൊവിഡ് വ്യാപന ഭീഷണിയും വർദ്ധിപ്പിക്കുകയാണ്. വിഷയത്തിൽ പൊതുജനങ്ങളും അധികൃതരും ഒരുപോലെ സഹകരിച്ചാൽ മാത്രമേ ഇതിനെ മറികടക്കാൻ സാധിക്കൂ.

തീരുമാനങ്ങൾ പാളി

ടൗണിലെ ഗതാഗതക്കുരുക്കിന് ശമനമുണ്ടാക്കാൻ പലവട്ടം സർവകക്ഷിയോഗങ്ങളും

ജാഗ്രതാസമിതി യോഗങ്ങളും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി വഴിയോര കച്ചവടങ്ങൾ നിരോധിക്കാൻ ധാരണയായി. പ്രധാന ജംഗ്ഷനിൽ ഉൾപ്പടെ ഒരു വശത്തു പാർക്കിംഗ് ക്രമീകരണം നടത്താനും മറുവശത്ത് നോ പാർക്കിംഗ് ബോ‌ർഡുകൾ സ്ഥാപിക്കാനും തീരുമാനമുണ്ടായി. പൊലീസിനായിരുന്നു ഇതിന്റെ നടത്തിപ്പ് ചുമതല. എന്നാൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ഗ്രാമപഞ്ചായത്താണ്. എന്നാൽ നടപടികളെല്ലാം യോഗം കഴിയുമ്പോൾ അവസാനിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം.